തുറന്ന ജീപ്പിന് അനുമതിയില്ല, ഗുജറാത്തില്‍ കാളവണ്ടിയില്‍ റോഡ് ഷോ നടത്താനൊരുങ്ങി രാഹുല്‍
ഗാന്ധിനഗര്‍: ഗുജറാത്ത് പര്യടത്തിനിടെ റോഡ് ഷോ നടത്താന്‍ തുറന്ന ജീപ്പിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കാളവണ്ടിയിലേറാനൊരുങ്ങി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ത്രിദിന പര്യടനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പര്യടനം. ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ട മേഖലയാണ് സൗരാഷ്ട്ര. 182 അംഗ നിയമസഭയില്‍ മൂന്നിലൊന്നോളം അംഗങ്ങളും ഇവിടെനിന്നാണ്. സൗരാഷ്ട്രയിലെ ദ്വാരകയില്‍ നിന്നാണ് പര്യടനം മതപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് ദ്വാരക.
ദ്വാരകയിലെ ദ്വാരകാധീഷ് കൃഷ്ണ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കുശേഷമാണു രാഹുല്‍ തന്റെ പര്യടനം ആരംഭിക്കുക. ഇവിടെനിന്നു ജാംനഗറിലെത്തുന്ന അദ്ദേഹം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചു ജനങ്ങളുമായി സംവദിക്കും. വനിതകള്‍, വ്യവസായികള്‍ എന്നിവരുമായും രാഹുല്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തും. ദ്വാരകയില്‍നിന്നു ജാംനഗറിലേക്കുള്ള 135 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ യാത്രചെയ്യാനായിരുന്നു രാഹുലിന്റെ തീരുമാനം.
കഴിഞ്ഞ രണ്ടു ദശകമായി കോണ്‍ഗ്രസിന് ബാലികേറാമലയാണു സൗരാഷ്ട്രാ മേഖല. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ 52 സീറ്റുകളില്‍ 12 എണ്ണത്തില്‍ മാത്രമേ കോണ്‍ഗ്രസിനു വിജയിക്കാനായുള്ളൂ.
ബുധനാഴ്ച സുരേന്ദ്രനഗര്‍ കേന്ദ്രീകരിച്ചാകും രാഹുലിന്റെ പര്യടനം. പട്ടേല്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഹാര്‍ദിക് പട്ടേലിന്റെ ജന്മനാടായ വിരാമംഗാമില്‍ വച്ചാണ് ത്രിദിന പര്യടനം രാഹുല്‍ അവസാനിപ്പിക്കുക. ഗുജറാത്തിന്റെ വടക്ക്, മധ്യ, തെക്കന്‍ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചുള്ള അടുത്ത പര്യടനം ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്‍പായി ഉണ്ടാകും. പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധവും വിവിധ വിഷയങ്ങളിലെ കര്‍ഷകരുടെ പ്രതിഷേധവും ഭരണകക്ഷിയായ ബി.ജെ.പിക്കെതിരായ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."