ഘര്‍വാപസി കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അടിമുടി ദുരൂഹത
കൊച്ചി: മതം മാറിയവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് അടിമുടി ദുരൂഹതയില്‍. കാടുപിടിച്ച സ്ഥലത്തിന് നടുവിലായിരുന്നു കെട്ടിടം, അതും തീരെ വൃത്തിയില്ലാത്ത സാഹചര്യത്തിലും. പരിസരം ഒന്ന് വൃത്തിയാക്കിക്കൂടെ എന്ന് അന്തേവാസികള്‍ ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ ആണ് ഇങ്ങനെ എന്നായിരുന്നത്രെ നടത്തിപ്പുകാരുടെ വിശദീകരണം.
തിരിച്ച് മതം മാറ്റുന്നതിനായി ഇവിടെ എത്തിച്ചിരുന്ന യുവതികളെ താമസിപ്പിച്ചിരുന്നത് ഒറ്റമുറിയില്‍ ആയിരുന്നു. പുറംലോകവുമായി ബന്ധപ്പെടുന്നത് തടയുന്നതിനായി കെട്ടിടത്തിനകത്ത് തന്നെയായിരുന്നു തുണി കഴുകല്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ അനുവദിച്ചിരുന്നത്. അസുഖം വരുന്നവര്‍ക്ക് കൃത്യമായ ചികിത്സ പോലും നല്‍കിയിരുന്നില്ല. നഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു സ്ത്രീയും ജീവനക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവരോട് രോഗവിവരങ്ങള്‍ പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ അടിച്ചു നോക്കിയാണ് മരുന്ന് നല്‍കിയിരുന്നത്. മൊത്തം 15 ജീവനക്കാരാണ് യോഗ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ അഞ്ചുപേര്‍ പുരുഷന്മാരാണ്.
ഇവിടെ അന്തേവാസികള്‍ക്കായി നടത്തിയിരുന്നത് വികലമായ മത താരതമ്യ പഠനമെന്നും ആക്ഷേപമുണ്ട്. ഇതര മതങ്ങളുടെ വേദ ഗ്രന്ഥങ്ങളില്‍നിന്ന് അനവസരത്തിലുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു ഹിന്ദു മത തത്വങ്ങളെ അതുമായി താരതമ്യപ്പെടുത്തി ഇതര മതങ്ങള്‍ അപരിഷ്‌കൃതമെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയിരുന്നതെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്. മതംമാറിയവരെ കൂടാതെ രജിസ്റ്റര്‍ വിവാഹത്തിനും മറ്റും ശ്രമിച്ചിരുന്നവരെയും ഈ കേന്ദ്രത്തില്‍ എത്തിച്ചിരുന്നുവത്രേ. ഇതില്‍ ആറ് യുവാക്കളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."