ബനാറസ് സര്‍വകലാശാല വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മാവോവാദി ബന്ധമെന്ന് ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് മാവോ വാദി ബന്ധമാരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യം സ്വാമി. ജവഹര്‍ലാന്‍ നെഹ്്‌റു സര്‍വകലാശാലയില്‍ നേരത്തെയുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തിലും ഇത്തരം വാദമുയര്‍ത്തി അദ്ദേഹം രംഗത്തുവന്നിരുന്നു.
മാവോവാദികളുടെ പ്രവര്‍ത്തനം പോലെയാണ് ഈ പ്രതിഷേധത്തെ താന്‍ കാണുന്നത്. ഇക്കാര്യത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലറെ പിന്തുണക്കുന്നതായും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വൈസ് ചാന്‍സിലറുടെ ഓഫിസില്‍ പ്രവേശിക്കുകയും അവിടെ നടത്തിയ പ്രതിഷേധവും മാവോവാദികളുടെ നീക്കത്തിന് സമാനമായിട്ടാണ് തനിക്ക് തോന്നിയത്.
അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി ശരിയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശ് പൊലിസ് ബനാറസ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയത്. സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്ത വൈസ് ചാന്‍സിലറുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് ലാത്തിച്ചാര്‍ജിന് ഇടയാക്കിയത്. വിദ്യാര്‍ഥികളെ പൊലിസ് ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തുവെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ നടത്തുന്നത് വ്യാജ ആരോപണങ്ങളാണെന്നും വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ കാമ്പസിന് പുറത്തുവച്ച് പീഡിപ്പിച്ചതെന്നാണ് പരാതി.
സര്‍വകലാശാല ഭരണവകുപ്പിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ അവര്‍ തയാറാകാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."