ജീപ്പ് യാത്ര തടഞ്ഞു; തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ രാഹുലിന്റെ റോഡ് ഷോ കാളവണ്ടിയില്‍
അഹമ്മദാബദ്: നിയമ സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന് ഇന്നലെ തുടക്കമായി. മൂന്നുപതിറ്റാണ്ടായി ബി.ജെ.പി കൈയ്യടക്കി വച്ചിരിക്കുന്ന സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പര്യടനം തുടങ്ങിയത്. രണ്ടാഴ്ച മുന്‍പ് അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും സംവാദം നടത്തുകയും ചെയ്തതിനു ശേഷമാണ് രാഹുലിന്റെ പര്യടനം.
അതേസമയം റാലിയില്‍ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്താന്‍ പൊലിസ് അനുവാദം നല്‍കാത്തിനെ തുടര്‍ന്ന് അദ്ദേഹം കാളവണ്ടിയെയാണ് ആശ്രയിച്ചത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജീപ്പില്‍ റോഡ് ഷോ നടത്താന്‍ പൊലിസ് അനുവാദം നല്‍കാതിരുന്നത്. ദ്വാരക മുതല്‍ ജാംനഗര്‍ വരെയുള്ള 135 കി. മീറ്റര്‍ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്. ഇതേതുടര്‍ന്ന് ദ്വാരകയില്‍ നിന്ന് 25 കി.മീറ്റര്‍ അകലെയുള്ള ഹന്‍ജതാപാരിലാണ് രാഹുല്‍ കാളവണ്ടിയില്‍ റോഡ് ഷോ നടത്തിയത്.
ഗുജറാത്ത് രാഷ്ട്രീയത്തിലെ ഏറെ പ്രധാനപ്പെട്ട മേഖലയാണ് സൗരാഷ്ട്ര. നിയമ സഭയിലെ 182 എം.എല്‍.എമാരില്‍ 58 പേരും സൗരാഷ്ട്ര മേഖലയില്‍ നിന്നുള്ളവരാണ്. പട്ടേല്‍ അടക്കമുള്ള പിന്നോക്ക ജനവിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ടുതന്നെ ഇവിടെ സ്വാധീനം ഉറപ്പിച്ച് ബി.ജെ.പിയെ എതിരിടാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. പട്ടേല്‍ സമുദായ സംവരണത്തിനായി പ്രക്ഷോഭം നടത്തുന്ന ഹാര്‍ദ്ദിക് പട്ടേലും രാഹുലിനെ അനുഗമിക്കുന്നുണ്ട്.
2015ലാണ് തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം വേണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ സമര രംഗത്ത് വന്നത്. പട്ടേല്‍ സമരങ്ങള്‍ക്ക് വേദിയായ ദ്വാരക, ജാംനഗര്‍, മോര്‍ബി, രാജ്‌കോട്ട്, സുരേന്ദ്രനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും രാഹുല്‍ ഇന്ന് കാളവണ്ടിയില്‍ പ്രചാരണം നടത്തും.
മുതിര്‍ന്ന പാര്‍ട്ടി നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായ അഹമ്മദ് പട്ടേല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തെ തുടര്‍ന്നുള്ള ആത്മ വിശ്വാസവുമായാണ് കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയുമായി ബന്ധപ്പെട്ട് ഇന്ന് മേഖലയിലെ വ്യവസായികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് തവണകൂടി രാഹുല്‍ ഗുജറാത്ത് സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."