ഉ.കൊറിയ ഉള്‍പ്പെടെ 3 രാജ്യങ്ങള്‍ക്കു കൂടി യു.എസ് യാത്രാവിലക്ക്
വാഷിങ്ടണ്‍: ഉത്തര കൊറിയ ഉള്‍പ്പെടെ മൂന്നു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ യാത്രാനിരോധനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ ആറു മുസ്ലിം രാജ്യങ്ങള്‍ക്കെതിരേ പ്രഖ്യാപിച്ച വിലക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച പശ്ചാത്തലത്തിലാണു വിപുലീകരിച്ച നിരോധനവുമായി യു.എസ് അധികൃതര്‍ രംഗത്തെത്തിയത്.
നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കും ഉ.കൊറിയയ്ക്കും പുറമെ വെനസ്വല, ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കു കൂടിയാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിട്ടത്. പ്രഥമ പരിഗണന രാജ്യസുരക്ഷയ്ക്കാണെന്നും തങ്ങള്‍ക്കു ഭീഷണിയാണെന്നു തോന്നുന്നവരെ രാജ്യത്തിനകത്തേക്കു പ്രവേശിപ്പിക്കില്ലെന്നും തീരുമാനം പ്രഖ്യാപിച്ച ശേഷം ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതില്‍ വെനസ്വലയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണു ബാധകം.
പുതിയ പ്രഖ്യാപനത്തോടെ അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം എട്ടായി. നേരത്തെ ഇറാന്, ലിബിയ, സിറിയ, യമന്‍, സോമാലിയ, സുദാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കാണ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ സുദാനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിട്ടുണ്ട്. ജനുവരി 27നു പ്രഖ്യാപിച്ച ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പരിഷ്കരിച്ച യാത്രാവിലക്ക് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."