എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന് കൂച്ചുവിലങ്ങ് നിയമന പ്രൊപ്പോസലുകള്‍ കൂട്ടത്തോടെ തള്ളാന്‍ നിര്‍ദേശം
കാസര്‍കോട്: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന് കൂച്ചുവിലങ്ങ്. നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന എയ്ഡഡ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ നിര്‍ദേശം. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം വര്‍ധിച്ച വിദ്യാലയങ്ങളില്‍ പഠനം പ്രതിസന്ധിയിലാകും. ഈ വര്‍ഷം മാനേജര്‍മാര്‍ നിയമനം നല്‍കി ജോലിചെയ്തുവരുന്ന അധ്യാപകര്‍ക്ക് 28 നകം നിയമനാംഗീകാരം നല്‍കണമെന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ നിര്‍ദേശം നടപ്പാക്കുന്നതിനിടയിലാണ് ഓഫിസുകളില്‍ പിരിച്ചുവിടല്‍ നടപടികള്‍ പുരോഗമിക്കുന്നത്. നിയമനാംഗീകാര പ്രൊപ്പോസലുകള്‍ തള്ളാന്‍ വിചിത്ര വാദങ്ങളാണ് വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്ന് അറിയിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ അധിക തസ്തികകളില്‍ മാനേജര്‍മാര്‍ അധ്യാപകരെ നിയമിച്ചിരുന്നു.
നിയമനാംഗീകാര പ്രൊപ്പോസലുകളെല്ലാം വിദ്യാഭ്യാസ ഓഫിസുകളില്‍ സ്വീകരിക്കുകയും ചെയ്തു. അന്നൊന്നും നിയമന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ ഓഫിസര്‍മാരില്‍ പലരും സംശയങ്ങള്‍ ഉന്നയിച്ചു പൊതുവിദ്യാഭ്യാസ ഡയരക്ടരുടെ കാര്യാലയത്തിലേക്ക് കത്തുകള്‍ അയച്ചു. എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ 28 നകം നിയമനാംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് ഇറക്കിയത്.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ഐ പ്രതിനിധി ജില്ലകളില്‍ എത്തി നിര്‍ദേശം നല്‍കി. 2017-18 വര്‍ഷം അധിക തസ്തികകളില്‍ നിയമനം ലഭിച്ച മുഴുവന്‍ അധ്യാപകരെയും 29 ന് പിരിച്ചു വിടാനാണ് ആദ്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 1 : 1 എന്ന അനുപാതത്തില്‍ നിയമനം നടത്തിയില്ലെന്നതാണ് കാരണം. ആദ്യം സംരക്ഷിത അധ്യാപകന്‍ പിന്നീട് മാനേജര്‍ നിയമനം എന്നതാണ് ഈ അനുപാതം. മാനേജര്‍മാര്‍ 1:1 അനുപാതത്തിനു തയാറായാല്‍ തന്നെ ആ ഒഴിവില്‍ നിയമിക്കാന്‍ സംരക്ഷിത അധ്യാപകര്‍ ഇല്ല എന്നതാണ് സത്യം. അങ്ങനെ വരുമ്പോള്‍ അനുപാതം എങ്ങനെ പാലിക്കും എന്നതിന് വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്കും മറുപടിയില്ല. ഫലത്തില്‍ ആരുടെയും നിയമനം അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കെടെറ്റ് യോഗ്യത നേടിയവരെ മാത്രം നിയമനത്തിന് പരിഗണിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയ കാര്യം നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍.പി വിഭാഗത്തില്‍ 1: 30 തോതിലും യു.പിയില്‍ 1: 35 എന്ന അനുപാതത്തിലുമാണ് പുതിയ തസ്തികകള്‍ അനുവദിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇംഗ്ലീഷ് മീഡിയങ്ങളില്‍ നിന്ന് വലിയ ഒഴുക്കാണ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഉണ്ടായിരിക്കുന്നത്. നിയമനാംഗീകാരം കാത്തിരിക്കുന്ന അധ്യാപകരെ പിരിച്ചുവിടുന്നതോടെ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."