കൊച്ചി ഹാപ്പി: കിരീടം കൊല്‍ക്കത്തക്ക് പറന്നു
കൊച്ചി: നാലുനാള്‍ കൊച്ചിക്ക് ആഹ്ലാദം സമ്മാനിച്ച് വിന്നേഴ്‌സ് കിരീടം കൊല്‍ക്കത്തയിലേക്ക് പറന്നു. ലോകകപ്പ് സ്‌പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തില്‍ ഇടപ്പള്ളി ലുലു മാളില്‍ ആയിരുന്നു നാലാം ദിനത്തിലെ പ്രദര്‍ശനം. മാളില്‍ സന്ദര്‍ശകരായി എത്തിയ യുവാക്കളും കുട്ടികളും അടക്കം ജനക്കൂട്ടം വെള്ളി കിരീടത്തിനരികേ നിന്ന് ആവോളം സെല്‍ഫിയെടുത്തു.
കളമശേരി രാജഗിരി കോളജിലെ കുട്ടികള്‍ ലോകകപ്പ് ഗാനത്തോടൊപ്പം ചുവടുവെക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭാഗ്യചിഹ്നം ഖേലിയോ വേദിയിലേക്ക് എത്തിയതോടെ ലുലു മാളിലെ ചടങ്ങിന് തിരശീല വീണു.
മധ്യമേഖലാ ഐ.ജി പി വിജയനും ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ ഗായത്രിയും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. മുന്‍ കേരള താരവും സന്തോഷ് ട്രോഫി ജേതാവും കോച്ചുമായ ടി.എ ജാഫര്‍, സര്‍വിസസ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആര്‍ സുമേഷ്, ബാങ്ക് ഓഫ് ബറോഡ അസി. ജനറല്‍ മാനേജര്‍ ഗുണസാഗരന്‍ തുടങ്ങിയവരും സന്നിഹിതരായി. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളും ലുലു മാളില്‍ കപ്പ് കാണാനെത്തി. സ്‌കൂപ്പ് ഗോളടി, ഡാര്‍ട്ട്‌സ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."