മലയോര ഹൈവേ: പ്രതിഷേധമിരമ്പി പി.ഡബ്ല്യു.ഡി ഓഫിസ് മാര്‍ച്ച്
കുറ്റ്യാടി: നിര്‍ദിഷ്ട മലയോരഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലെ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ ഇന്നലെ കുറ്റ്യാടി പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. 2009ല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേ പ്രകാരം ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഈ സര്‍വേ അട്ടിമറിച്ചാണ് പുതിയ സര്‍വേ നടത്തിയതെന്നും ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ താമസക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സധാരണക്കാരുടെ ഭൂമി കയ്യേറി കുറ്റിയടിച്ചതെന്നും ആരോപിച്ചാണ് നാട്ടുകാര്‍ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.
പഴയ അലൈമെന്റില്‍ ഉള്‍പ്പെടാത്ത കായക്കൊടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങള്‍ പുതിയ അലൈമെന്റില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഹൈവേക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവുന്നില്ല. താമസക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയും റി-ലിന്‍ക്വിന്‍ഷ്‌മെന്റ് (ഒഴിഞ്ഞുകൊടുക്കല്‍) ഫോം പോലും ഒപ്പുവെപ്പിക്കാതെയും മതിയായ രേഖകളില്ലാതെയും കൈവശ ഭൂമി കുറ്റിയടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയിലെ നന്ദാരപടവില്‍ നിന്നാരംഭിച്ച് ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലൂടെ 1332.16 കിലോമിറ്റര്‍ ദൂരത്തില്‍ കടന്നുപോകുന്ന ഹൈവേക്ക് ചെലവ് വരുന്ന 3500 കോടി രൂപ കിഫ്ബി വഴിയാണ് സമാഹരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പണി തുടങ്ങുന്ന വിലങ്ങാട് പുല്ലുവപ്പുഴ മുതല്‍ തൊട്ടില്‍പാലം വരെയുള്ള 28 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് വീടും ഭൂമിയും നഷ്ടപ്പെടുന്നത്. ഇവരില്‍ പലരും 10 സെന്റിനുതാഴെ ഭൂമിയില്‍ വീട് വെച്ച് കാലങ്ങളായി താമസിച്ചുപോരുന്നവരുമാണ്. പി.ഡബ്ല്യു.ഡി ഓഫിസിലേക്കുള്ള മാര്‍ച്ചിനെ തുടര്‍ന്ന് നടത്തിയ ധര്‍ണ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അജിതകൃഷ്ണ മുക്കാളി ഉദ്ഘാടനം ചെയ്തു. പപ്പന്‍ തെട്ടില്‍പ്പാലം അധ്യക്ഷനായി. വിനോദന്‍ കോതോട്, കെ. ബാബു, മുകുന്ദന്‍, സി.പി വിജയന്‍, തോമസ് കെട്ടാരത്തില്‍, ടി.എ കുഞ്ഞിക്കണ്ണന്‍,പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."