ആശുപത്രിയിലെ സൗജന്യ ചായവിതരണം നിര്‍ത്തിയ നടപടി: യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുസ്ലിം ലീഗിന്റെ 'അലിവ്' സന്നദ്ധസംഘടന സൗജന്യമായി നടത്തിവന്ന ചായവിതരണം തടഞ്ഞ പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ അംഗങ്ങളായ എം.ടി അഷ്റഫ്, പി.പി ഷിഹാബ്, എന്‍.കെ അന്‍വര്‍, സുഹറ കരുവോട്ട്, വി.എന്‍ ജംനാസ് എന്നിവരാണ് ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്.
കഴിഞ്ഞയാഴ്ചയാണ്, ഒന്നര വര്‍ഷമായി നടന്നുവന്ന ചായ വിതരണം പഞ്ചായത്ത് നിര്‍ത്തിവയ്പിച്ചത്. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സജി തോമസിന്റെ പരാതി പ്രകാരം സെക്രട്ടറിയാണ് ചായവിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
പാവപ്പെട്ട രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ഏറെ ഉപകാരപ്രദമായ പദ്ധതി നിര്‍ത്തലാക്കിയ പഞ്ചായത്തിന്റെ മനുഷ്യത്വരഹിതമായ നടപടി പുനഃപരിശോധിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."