കോട്ടക്കുന്നിന്‍റെ ചെരുവില്‍ ലഹരി അധികൃതര്‍ കാണുന്നുണ്ടോ?
മലപ്പുറം: ജില്ലാ ആസ്ഥാനത്തു വീണ്ടും ലഹരി മാഫിയ പിടിമുറുക്കുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കിയാണ് നഗരത്തിന്‍റെ ഹൃദയഭാഗത്തു ലഹരി മാഫിയയുടെ വിളയാട്ടം. ജില്ലയിലെതന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കോട്ടക്കുന്നിന്‍റെ താഴ്വാരത്തു പകല്‍ സമയങ്ങളില്‍പോലും നിരവധി വിദ്യാര്‍ഥികളാണ് ലഹരി ഉപയോഗിക്കാനെത്തുന്നത്.
കോട്ടക്കുന്നിലേക്കു പോകുന്ന റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പിറകുവശമാണ് ലഹരി ഉപയോഗിക്കുന്നവരുടെ പ്രധാന താവളം. ഇതിനോടു ചേര്‍ന്നു കാടുമൂടിക്കിടക്കുന്ന കോട്ടക്കുന്ന്-അണ്ണുണ്ണിപ്പറമ്പ്-ചെറാട്ടുകുഴി റോഡിന്‍റെ പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ വ്യാപകമായി എത്തുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ യൂനിഫോമില്‍ ഉള്‍പ്പെടെ എത്തുന്ന വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചു പ്രദേശത്തു ബഹളമുണ്ടാക്കുന്നതും പതിവാണ്.
കൂട്ടമായി മദ്യപിച്ച സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികളെ ആഴ്ചകള്‍ക്കു മുന്‍പു നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തു പശ രൂപത്തിലുള്ള ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടിയിരുന്നു. കോട്ടക്കുന്നിനു മുകളില്‍ സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും താഴ്ഭാഗത്ത് ഇതില്ല. സുരക്ഷാ ജീവനക്കാരില്ലാത്തതും പ്രദേശത്തെ ചില കച്ചവടക്കാര്‍ ലഹരി ഉപയോഗിക്കുന്നാനെത്തുന്ന കുട്ടികള്‍ക്ക് ഒത്താശ ചെയ്യുന്നതുമാണ് പ്രദേശത്തു ലഹരി ഉപയോഗം വര്‍ധിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."