ബോഫോഴ്‌സ് കേസ്: സുപ്രിം കോടതിയെ സമീപിക്കാന്‍ യു.പി.എ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ബോഫോഴ്‌സ് കേസില്‍ 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാതിരുന്നത് അന്നത്തെ യു.പി.എ സര്‍ക്കാറിന്റെ താത്പര്യക്കുറവു മൂലമായിരുന്നെന്ന് സി.ബി.ഐ. ആറംഗ പാര്‍ലമെന്ററി സമിതിക്ക് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹിന്ദുജ സഹോദരന്‍മാര്‍ക്കെതിരായ കേസുകളഅ# തള്ളുന്നതായിരുന്നു വിധി.
വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കണമെന്നതായിരുന്നു സി.ബി.ഐയുടെ നിലപാട്. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല- സി.ബി.ഐ വിശദീകരിക്കുന്നു.
ബോഫോഴ്‌സ് കേസില്‍ പുനഃരന്വേഷണമാകാമെന്ന് സിബിഐ നേരത്തെ പ്രതിരോധ വകുപ്പിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ അറിയിച്ചിരുന്നു. കേസ് വ്യവസ്ഥാപരമായ വീഴ്ചയുടെ ഉത്തമ ഉദാഹരണമാണെന്ന് ആറംഗ പാര്‍ലമെന്ററി സമിതിഅഭിപ്രായപ്പെട്ടിരുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമെന്നും സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിക്കണമെന്നും എം.പിമാര്‍ സി.ബി.ഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന ഹരജിയെ പിന്തുണയ്ക്കാമെന്ന സൂചനയും സി.ബി.ഐ നല്‍കിയിരുന്നു.
സൈന്യത്തിനായി 1986 മാര്‍ച്ച് 24ന് സ്വീഡീഷ് ആയുധ കമ്പനിയായ എബി ബൊഫോഴ്‌സില്‍ നിന്ന് 1437 കോടി രൂപ മുടക്കി 400 155 എം.എം പീരങ്കി തോക്കുകകള്‍ വാങ്ങിയതാണ് പിന്നീട് വിവാദമായത്. ഇടപാടിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിതായി സ്വീഡീഷ് റേഡിയോ 1987 ഏപ്രില്‍ 16ന് വാര്‍ത്ത നല്‍കിയതോടെയാണ് വിവാദം തലപൊക്കിയത്.
കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടേയും പ്രതിഛായയെ ഏറെ ബാധിച്ചതായിരുന്നു ഈ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി കോഴ വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് കാണിച്ച് ഡല്‍ഹി ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."