അണ്ടര്‍ 17 ലോക കപ്പിന് ഐക്യദാര്‍ഢ്യം; ആവേശമായി എം.എല്‍.എമാരുടെ സൗഹൃദ മത്സരം
തിരുവനന്തപുരം: അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന നിയമസഭാ സാമാജികരുടെ സൗഹൃദ മത്സരത്തില്‍ ടി.വി.രാജേഷ് എം.എല്‍.എ നയിച്ച സ്പീക്കര്‍ ഇലവന്‍ ടീം രണ്ട് ഗോളിന് വിജയിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആര്‍. രാജേഷ്, രാജു എബ്രഹാം, ടി.വി. രാജേഷ് എന്നിവര്‍ സ്പീക്കര്‍ ഇലവനു വേണ്ടി ഗോളടിച്ചു. മുഖ്യമന്ത്രി ഇലവനു വേണ്ടി ഷാഫി പറമ്പില്‍ ഒരു ഗോളും അടിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ ക്യാപ്റ്റന്‍ ആയ മുഖ്യമന്ത്രി ഇലവന്‍ ടീമും ടി.വി. രാജേഷ് എം.എല്‍.എ ക്യാപ്റ്റന്‍ ആയ സ്പീക്കര്‍ ഇലവന്‍ ടീമും തമ്മിലായിരുന്നു മത്സരം. മത്സരത്തിനു മുന്നോടിയായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.സി മൊയ്തീന്‍, കെ.ടി. ജലീല്‍, കെ. രാജു, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
തുടര്‍ന്ന് ടി.വി. രാജേഷ് നയിക്കുന്ന സ്പീക്കര്‍ ഇലവന്‍ ആദ്യ കിക് ഓഫിന് ടോസ് നേടി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പന്ത് തട്ടി മത്സരം ഉദ്ഘാടനം ചെയ്തു. മഞ്ഞയും നീലയും ജേഴ്‌സി അണിഞ്ഞ് റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ടി.വി. ഇബ്രാഹിം, ബി. സത്യന്‍, എ.എം. ആരിഫ്, വി.ജോയ്, യു.ആര്‍. പ്രദീപ്, എല്‍ദോ എബ്രഹാം എന്നീ എം.എല്‍.എമാരും ടി. ഗിരിശങ്കര്‍, ഫിേറാസ്, ബൈജു, നന്ദകുമാര്‍ എന്നിവരും മന്ത്രി കെ.ടി ജലീലും മുഖ്യമന്ത്രി ഇലവന്‍ ടീമിനുവേണ്ടി കളത്തില്‍ ഇറങ്ങി. വെള്ളയും നീലയും ജേഴ്‌സി അണിഞ്ഞ സ്പീക്കര്‍ ഇലവനു വേണ്ടി കളത്തില്‍ ഇറങ്ങിയത് എം.എല്‍.എമാരായ വി.ടി ബല്‍റാം, ആര്‍. രാജേഷ്, എന്‍. ഷംസുദ്ദീന്‍, കോവൂര്‍ കുഞ്ഞുമോന്‍, എല്‍ദോസ് പി. കുന്നപ്പിള്ളില്‍, റോഷി അഗസ്റ്റിന്‍, എം. നൗഷാദ്, രാജു എബ്രഹാം എന്നിവരും സുധീര്‍ഖാന്‍, മൊയ്തീന്‍ ഹുസൈന്‍, പ്രസാദ്, ബിബിന്‍ എന്നിവരും മന്ത്രി കെ. രാജുവുമാണ്.
മൊയ്തീന്‍ ഹുസൈന്‍ സ്പീക്കര്‍ ഇലവന്‍ ടീമിന്റെയും ഫിറോസ് മുഖ്യമന്ത്രി ഇലവന്‍ ടീമിന്റെയും ഗോള്‍ മുഖം കാത്തു. മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോഴും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ മന്ത്രി കെ. രാജുവിന് പകരം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും അദ്ദേഹത്തിനു പകരം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറും എം.എം. മണിയും ജേഴ്‌സി അണിഞ്ഞ് കളത്തില്‍ ഇറങ്ങി. രാഹുല്‍, അഭിലാഷ്, അഷറഫ്, അലക്‌സ് എന്നിവര്‍ കളി നിയന്ത്രിച്ചു. ഈ മത്സരത്തിനു ശേഷം സിവില്‍ സര്‍വീസ് എ, ബി ടീമുകള്‍ തമ്മിലുളള മത്സരവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."