വേങ്ങരയില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം വിഭാഗം
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ കാന്തപുരം സുന്നീ വിഭാഗത്തിന്റെ തീരുമാനം. പരസ്യപ്രഖ്യാപനമുണ്ടാവില്ലെങ്കിലും അണികള്‍ക്ക് ഇതു സംബന്ധിച്ച് സന്ദേശം കൈമാറുമെന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ കേരളാ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്നും സംഘടനാ സംവിധാനം ഉപയോഗിച്ച് ഇക്കാര്യം അണികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഇടതു പക്ഷത്തിനാണെന്നതിനുള്ള വ്യക്തമായ സൂചനയാണിത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് എ.പി വിഭാഗം സുന്നികളുടെ മുതിര്‍ന്ന നേതാവായ ഖലീല്‍ തങ്ങളുടെ പ്രസ്താവന.
ഇടതുമുന്നണിക്ക് പിന്തുണ നല്‍കുമെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നടത്തിയതു പോലെ പരസ്യമായി പ്രചരണം നടത്തുകയോ പ്രഖ്യാപനം നടത്തുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. മണ്ണാര്‍ക്കാട് എം.എല്‍.എയായ എന്‍ ഷംസുദ്ദീന് തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ പരസ്യമായി രംഗത്തുവന്നത്. ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയതിന്റെ പേരില്‍ പിന്നീട് സംഘടനയില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."