ക്ഷേത്രോത്സവത്തിന് പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കിയ സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
ചെന്നൈ: മധുരയില്‍ ഒരു ക്ഷേത്രത്തില്‍ അര്‍ധനഗ്നരായി പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ പൂജാരിയ്‌ക്കൊപ്പം താമസിക്കുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നത് വന്‍പ്രതിഷേധത്തിനിടയാക്കുന്നു. കഴിഞ്ഞ ദിവസം ഏഴ് പെണ്‍കുട്ടികളുടെ ചിത്രം സഹിതം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മധുര ജില്ലാ കലക്ടറോട് സര്‍ക്കാര്‍ ഉത്തരവിട്ടു.
അര്‍ധ നഗ്നരായി പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ തുടരുന്നത് തമിഴ്‌നാട്ടിലെ ആചാരത്തിന്റെ ഭാഗമാണെന്നാണ് ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ട്. 15 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളിലും കണ്ടുവരുന്ന ഒരു ആചാരമാണിതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
അതേസമയം, ദക്ഷിണേന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ദേവദാസി സമ്പ്രദായത്തിന്റെ ഭാഗമാണ് ഇത്തരം ആചാരങ്ങളെന്നും ഇതുസംന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ദേവദാസി സമ്പ്രദായം 1988ല്‍ രാജ്യത്ത് നിയമം വഴി നിരോധിക്കപ്പട്ടിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഇത് തുടരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ക്ഷേത്രങ്ങളില്‍ കഴിയുന്ന ഇവര്‍ ലൈംഗിംക ചൂഷണത്തിന് വിധേയരാവുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നു. ഇത്തരം ആചാരം നിലനില്‍ക്കുന്ന തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നില്ലെന്നാണ് മധുര ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം. ശിശുക്ഷേമ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി ക്ഷേത്രം ഭാരവാഹികളേയും പെണ്‍കുട്ടികളുടെ മാതാപിതാക്കളേയും സന്ദര്‍ശിച്ചതായും ഒരു തരത്തിലുള്ള പീഡനവും നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും മധുര ജില്ലാ ഭരണകൂടം വ്യക്തമാക്കി.
200 വര്‍ഷങ്ങളായി ഈ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ആചാരമാണിത്. ഇതുവരെ പീഡനങ്ങളൊന്നും നടന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഉത്സവം നടക്കുന്നത്. പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ വീര രാഘവ റാവു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."