നാഗാ തീവ്രവാദികള്‍ക്കെതിരേ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണം
ഗുവാഹത്തി: ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികള്‍ക്കെതിരേ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. ഇന്നലെ പുലര്‍ച്ചെ 4.45ന് നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്-ഖാപ്്‌ലാങ് വിഭാഗത്തിന്റെ (എന്‍.എസ്.സി.എന്‍-കെ) ക്യാംപുകള്‍ക്കുനേരെയാണ് സൈന്യം ആക്രമണം നടത്തിയത്.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അതിലേറെപേര്‍ക്ക് പരുക്കേറ്റതായും സംശയിക്കുന്നുണ്ടെന്ന് സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.
അതിര്‍ത്തിയില്‍ സൈന്യത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് തിരിച്ചടിച്ചതെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ശക്തമായ ആക്രമണത്തില്‍ തീവ്രവാദി ക്യാംപുകള്‍ക്കകത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ആക്രമണമാണ് നടത്തിയതെന്നും സൈന്യം അറിയിച്ചു. മ്യാന്‍മര്‍ അതിര്‍ത്തി ലംഘിക്കാതെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു ഇതെന്നും സൈന്യം അറിയിച്ചു. അതേസമയം സൈന്യത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് സൈനിക വക്താവ് പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മ്യാന്‍മര്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് നാഗാ തീവ്രവാദികള്‍ ആക്രമണം നടത്തിവരികയായിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇന്നലെയുണ്ടായത്. അതേസമയം ആക്രമണം നടത്തിയ മേഖലയുടെ വ്യക്തമായ സൂചന നല്‍കാന്‍ സൈന്യം തയാറായിട്ടില്ല. അരുണാചല്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഭാഗത്താണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഇത് രണ്ടാം തവണയാണ് നാഗാ തീവ്രവാദികള്‍ക്കെതിരേ സൈന്യം ആക്രമണം നടത്തുന്നത്. 2015 ജൂണ്‍ 10നായിരുന്നു ആദ്യത്തെ ആക്രമണം. ആറുദിവസം തുടര്‍ച്ചയായി നീണ്ടു നിന്ന അന്നത്തെ ആക്രമണത്തില്‍ നാഗാ തീവ്രവാദി ക്യാംപുകള്‍ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മണിപ്പൂരിലെ ഛന്തല്‍ ജില്ലയില്‍ വച്ച് 18 സൈനികരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു മിന്നലാക്രമണം നടത്തിയിരുന്നത്. വ്യോമസേനയുടെ സഹായത്തോടെ 40 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ 38 തീവ്രവാദികളെ കരസേനാ കമാന്‍ഡോകള്‍ വധിച്ചിരുന്നു.
വര്‍ഷങ്ങളായി ഇന്ത്യ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് നാഗാ തീവ്രവാദികളില്‍ നിന്നുള്ള ആക്രമണം. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഗാ തീവ്രവാദി സംഘടനകളിലൊന്നായ എന്‍.എസ്.സി.എന്‍(ഐ.എം)ആയി സമാധാന ചര്‍ച്ച നടത്തിയിരുന്നു. ചില കരാറുകളില്‍ ഒപ്പുവച്ചിരുന്നെങ്കിലും ഇതെന്താണെന്ന് കേന്ദ്ര സര്‍ക്കാരോ ഭീകരരോ വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. എന്നാല്‍ കരാര്‍ ഒപ്പുവച്ചിട്ടും തീവ്രവാദികളില്‍ നിന്നുള്ള ആക്രമണത്തിനും ഇതിനെതിരായ തിരിച്ചടിക്കും ഇതുവരെ യാതൊരുതരത്തിലുള്ള കുറവും വന്നിട്ടില്ല.
അതേസമയം ഇന്നലെ സൈന്യം ആക്രമിച്ച എന്‍.എസ്.സി.എന്‍(കെ)മായി സമാധാന കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ഇവര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യക്കെതിരേ യുദ്ധം നയിക്കുന്നുവെന്ന് വ്യക്തമാക്കി വീണ്ടും ആക്രമണം തുടരുകയായിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങള്‍ 1643 കി.മീറ്റര്‍ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് ഇന്ത്യക്കെതിരായ ആക്രമണത്തിനുവേണ്ടിയുള്ള തീവ്രവാദ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സൈന്യം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."