വി.എച്ച്.എസ്.ഇയിലെ സ്ഥലംമാറ്റം അവതാളത്തില്‍
അരീക്കോട്: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ തുടരുന്നു.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ ചൊവ്വാഴ്ച വൈകുന്നേരത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന മാര്‍ഗനിര്‍ദേശമുണ്ടായിട്ടും സാധിക്കാതെ അധ്യാപകര്‍ വലഞ്ഞു. ഇതിനായി ഉപയോഗിക്കുന്ന 'സ്പാര്‍ക്ക് ' വെബ്‌സൈറ്റ് നിലച്ചതാണ് അധ്യാപകര്‍ക്ക് തിരിച്ചടിയായത്.
ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചതാണെന്ന ആരോപണവും അധ്യാപകരില്‍നിന്ന് ഉയരുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ട്രാന്‍സ്ഫര്‍ നടപടി ആരംഭിച്ചത്. ഇതിനിടയില്‍ മൂന്ന് തവണ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അധ്യാപകര്‍ അപേക്ഷിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്ഥലം മാറാനുള്ള ഓപ്ഷന്‍ മൂന്നെണ്ണം മാത്രമാക്കി ഉത്തരവിറക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അത് പത്തായി ഉയര്‍ത്തി. ജൂണിന് മുന്‍പ് ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് കോടതി ഉത്തരവും സര്‍ക്കാര്‍ കാറ്റില്‍ പറത്തി.
ആവശ്യമില്ലാത്ത നിര്‍ദേശങ്ങളുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെയും സര്‍ക്കാര്‍ വട്ടം കറക്കി. എന്നാല്‍ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഒരു നടപടിയും എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ല.
അവസാന പ്രതീക്ഷ എന്ന നിലയിലാണ് തിങ്കളാഴ്ച രാവിലെ അധ്യാപകരുടെ മൊബൈലിലേക്കും സ്‌കൂള്‍ മെയിലിലേക്കും പുതിയ അറിയിപ്പ് എത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതം എന്ന അറിയിപ്പാണ് അധ്യാപകര്‍ക്ക് ലഭിച്ചത്. ഇതോടെ വര്‍ഷങ്ങളായി ട്രാന്‍സ്ഫറിന് കാത്തിരിക്കുന്ന അധ്യാപകരുടെ അവസാന പ്രതീക്ഷയും മങ്ങി.
രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ഡയരക്ടറെ മാറ്റിയതടക്കം സര്‍ക്കാര്‍ കാണിച്ച നിരുത്തരവാദ നിലപാടിന്റെ ഫലമാണ് ഇന്ന് അധ്യാപകര്‍ അനുഭവിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. മുന്നൂറില്‍ താഴെ മാത്രം സ്‌കൂളുകളുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പോലും യഥാസമയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തത് സര്‍ക്കറിന് വന്‍ തലവേദനയാണുണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥക്കെതിരേ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."