ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകളില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍. ദീര്‍ഘദൂര സര്‍വിസുകള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണം ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍മാരെ ഒഴിവാക്കി ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കുന്നത്.
രണ്ടു പേര്‍ക്കായിരിക്കും ദീര്‍ഘദൂര സര്‍വിസുകളില്‍ ഡ്യൂട്ടി നല്‍കുക. യാത്രയുടെ പകുതി ദൂരം വീതം ഡ്രൈവറും കണ്ടക്ടറും പരസ്പരം ജോലികള്‍ വച്ചുമാറും. ഡ്രൈവര്‍ക്ക് അമിത ജോലിഭാരം ഒഴിവാകുകയും ചെയ്യും. ഒക്ടോബര്‍ അഞ്ചുമുതല്‍ പരിഷ്‌കാരം നടപ്പിലാവും. സംസ്ഥാനത്തിനകത്തെ ദീര്‍ഘദൂര ബസുകളടക്കം ആകെ 42 സര്‍വിസുകളിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഈ റൂട്ടുകളിലെ വോള്‍വോ, സ്‌കാനിയ, സില്‍വര്‍ ജെറ്റ്, മിന്നല്‍, ഡീലക്‌സ് സര്‍വിസുകളില്‍ ഇനി മുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയിലാകും.
ഏറെ നാളായി പരിഗണനയിലിരുന്ന നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പിലാവുന്നത്. നേരത്തെ ദീര്‍ഘദൂര സര്‍വിസുകളില്‍ ഡ്രൈവറെയും, കണ്ടക്ടറെയും കൂടാതെ ഒരു അധിക ഡ്രൈവറെക്കൂടി നിയമിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കൂടിയതിനാല്‍ നിര്‍ത്തലാക്കുകയായിരുന്നു. എഴുന്നൂറ് കിലോമീറ്ററോളം ഒരാള്‍ തന്നെ ഡ്രൈവ് ചെയ്യേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ അന്തര്‍ സംസ്ഥാന, ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിക്കുന്നതിന് മൂന്നോടിയായാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്.
ഈ അടുത്ത കാലത്ത് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച മിന്നല്‍ സര്‍വിസുകള്‍ ലാഭത്തിലായതിനെ തുടര്‍ന്ന് കൂടുതല്‍ മിന്നല്‍ സര്‍വിസുകള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് കെ.എസ്.ആര്‍.ടി.സി. കൂടാതെ അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അടുത്ത മാസം ഈ സര്‍വിസ് ആരംഭിക്കും. ഡ്രൈവര്‍മാരെ സ്‌കാനിയ നല്‍കുന്ന രീതിയിലാണ് ധാരണ.
ബംഗളൂരു, മണിപ്പാല്‍, സേലം, മധുര, ചെന്നൈ റൂട്ടുകളിലാണ് സ്‌കാനിയ സര്‍വിസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ പത്തും രണ്ടാം ഘട്ടത്തില്‍ പതിനഞ്ചും സ്‌കാനിയ ബസുകളാണ് സര്‍വിസിനായി വാടകയ്ക്ക് എടുത്തിരിക്കുന്നത്.
കിലോമീറ്ററിന് 27 രൂപ നിരക്കിലാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍, ടോള്‍ പെര്‍മിറ്റ് എന്നിവ സ്‌കാനിയ കമ്പനി വഹിക്കണം. ഈ സംവിധാനം ലാഭകരമെന്നു കണ്ടാല്‍ സര്‍വിസ് മറ്റു റൂട്ടുകളിലേയ്ക്കും വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."