വേങ്ങര ഉപതെരഞ്ഞെടുപ്പ് മദ്യനയവും ജില്ലാവിരുദ്ധ പരാമര്‍ശവും വിശദീകരിച്ച് യു.ഡി.എഫ്
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് ഇടതുനേതാക്കള്‍ പറയുമ്പോഴും വേങ്ങരയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ച ഭരണത്തെക്കുറിച്ച്. മണ്ഡലം രൂപീകരിച്ചതുമുതല്‍ മുസ്‌ലിം ലീഗ് മാത്രം വിജയിച്ചു കയറിയ സ്ഥലം വികസനത്തില്‍ ഏറെ പിറകിലാണെന്നാണ് ഇടതു മുന്നണി പ്രചാരണം നടത്തുന്നത്.
എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരായാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്നാണ് യു.ഡി.എഫ് പറയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയമാണ്.
മദ്യശാലകളുടെ ദൂരപരിധി കുറച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തിയാണ് പ്രചാരണം. സ്ത്രീ വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. മദ്യനയം സംബന്ധിച്ച് യു.ഡി.എഫിന്റെ ആരോപണങ്ങളില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടനെ മലപ്പുറം ജില്ലക്കെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശവും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ്, അത് മത-ന്യൂനപക്ഷ വര്‍ഗീയതയുടെ ഒരു ശാക്തീകരണം വരുന്ന മേഖലയാണ് എന്നിങ്ങനെയായിരുന്നു തിരുവനന്തപുരത്ത് നടന്ന മുനിസിപ്പല്‍ സമ്മേളനത്തില്‍ കടകംപള്ളി പറഞ്ഞത്.
മലപ്പുറത്തിനെതിരേ വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളും യു.ഡി.എഫിന്റെ പ്രചാരണായുധമാണ്. മദ്യശാലകളുടെ ദൂരപരിധി കുറച്ചതുമൂലം വേങ്ങരയില്‍ ഒരു മദ്യശാല പോലും പുതുതായി ആരംഭിച്ചിട്ടില്ലെന്നാണ് ഇടത് പ്രചരണം. മണ്ഡലത്തില്‍ വികസനമില്ലെന്ന എല്‍.ഡി.എഫ് പ്രചാരണത്തിനെതിരേ നേരത്തെ എം.എല്‍.എ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിട്ടുണ്ട്.
തന്റെ മണ്ഡലത്തിലേതിനു സമാനമായ പകുതി വികസനം പോലും എല്‍.ഡി.എഫ് മണ്ഡലങ്ങളില്‍ നടന്നിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചത്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഒരാഴ്ച നീളുന്ന പ്രചാരണം കുഞ്ഞാലിക്കുട്ടി നേരിട്ട് നടത്തുന്നുണ്ട്.
യു.ഡി.എഫ് പ്രചാരണങ്ങളെ തടയിടാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വേങ്ങരയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. മലപ്പുറം ജില്ലക്കാരനായ മന്ത്രി കെ.ടി ജലീല്‍ ഇന്നുമുതല്‍ പരസ്യപ്രചാരണം കഴിയുംവരെ വേങ്ങരയിലുണ്ടാകും.
അഞ്ച്, ആറ് തിയതികളിലാണ് മുഖ്യമന്ത്രിയുടെ പര്യടനം. പ്രചാരണത്തനായി വി.എസ് അച്യുതാനന്ദന്‍ എട്ടിന് വേങ്ങരയിലെത്തും. മന്ത്രിമാരായ തോമസ് ഐസക്(3), ജി. സുധാകരന്‍ (6-8), കെ.കെ ഷൈലജ (6), സി. രവീന്ദ്രന്‍(7), എം.എം മണി (7-8), എട്ടിന് വി.എസ്.എ.സി മൊയ്തീന്‍, എന്നിവരും പ്രചാരണത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."