അന്ധവിശ്വാസ വിരുദ്ധ ബില്ലിന് മന്ത്രിസഭാ അംഗീകാരം
ബംഗളൂരു: അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി. മനുഷ്യത്വരഹിതമായ ഹീന പ്രവര്‍ത്തികള്‍ തടയുക, ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.
അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അനുമതിയ്ക്കായി വയ്ക്കും. 'കര്‍ണാടക പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ് ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ 2017' എന്നാണ് പുതിയ ബില്‍ അറിയപ്പെടുന്നത്. ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും നവംബറില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അനുമതിയ്ക്കായി വയ്ക്കുമെന്നും കര്‍ണാടക നിയമ മന്ത്രി ടി.ബി ജയചന്ദ്ര അറിയിച്ചു.
പുരോഗമനവാദികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ ബലിയും അഖോരി പ്രവര്‍ത്തികളും ദുര്‍മന്ത്രവാദവും തടയുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ബില്‍ എന്ന പേരിലാണ് മന്ത്രിസഭ ഈ ബില്‍ ചര്‍ച്ച ചെയ്തത്. ഒരാളെക്കൊണ്ട് മറ്റൊരാള്‍ ചെയ്യിക്കുന്ന ശയന പ്രദക്ഷിണങ്ങള്‍, നിരാഹാര വ്രതങ്ങള്‍, മന്ത്രവാദത്തിനായി ഏതെങ്കിലും ജീവിയെ കൊല്ലുക, ആരെയെങ്കിലും തീയിലൂടെ നടത്തുക തുടങ്ങിയവ ഹീനവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തികളാണെന്നും അവയെല്ലാം നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിനുശേഷം അന്ധവിശ്വാസത്തിനെതിരായ ബില്ലിനായി സമൂഹത്തില്‍ നിന്ന് വലിയ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടക മന്ത്രിസഭ ബില്ലിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."