സിന്‍ഹ പറഞ്ഞത് തെറ്റെന്ന് തെളിയിക്കാന്‍ ശിവസേനയുടെ വെല്ലുവിളി
മുംബൈ: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് യശ്വന്ത് സിന്‍ഹ നടത്തിയ വിമര്‍ശനത്തെ തെറ്റെന്ന് തെളിയിക്കാന്‍ ശിവസേന ബി.ജെ.പിയെ വെല്ലുവിളിച്ചു.
നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ദുരിതവും രാജ്യത്തെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുടെ സഖ്യകക്ഷി കൂടിയായ ശിവസേനയുടെ തുടരെയുള്ള വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെ വലിയതോതില്‍ പ്രതിസന്ധിയിലാക്കുകയാണ്.
നോട്ട് നിരോധനത്തിനു ശേഷം രാജ്യം നേരിട്ട സാമ്പത്തിക തകര്‍ച്ച എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് യശ്വന്ത് സിന്‍ഹയുടെ ലേഖനത്തില്‍ പറയുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പല പദ്ധതികളും പരാജയമാണ്. ജനങ്ങള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഇത് കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കുന്നത് കടുത്ത പ്രതിസന്ധിയാണെന്നും സാമ്ന പറയുന്നു.
യശ്വന്ത് സിന്‍ഹയുടെ അഭിപ്രായം തെറ്റാണെങ്കില്‍ അത് തെളിവുസഹിതം വ്യക്തമാക്കാന്‍ ബി.ജെ.പി തയാറാകണം. സാമ്പത്തിക നിലമോശമാണെന്ന് പല ബി.ജെ.പി നേതാക്കള്‍ക്കും അറിയാമെങ്കിലും ഭയം കാരണം ഇവരാരും ഇത് തുറന്നു പറയാതിരിക്കുകയാണെന്നും സാമ്ന പറയുന്നു.
റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെന്നപോലെ യശ്വന്ത് സിന്‍ഹയെ ബി.ജെ.പി വിശ്വാസ വഞ്ചകന് എന്ന പട്ടികയിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സാമ്ന പരിഹസിക്കുന്നു.
സത്യംപറഞ്ഞ സാഹചര്യത്തില്‍ എന്ത് ശിക്ഷയാണ് യശ്വന്ത് സിന്‍ഹക്ക് ബി.ജെ.പി നല്‍കുകയെന്നറിയില്ല. മോദി സര്‍ക്കാരിന്റെ പല അവകാശവാദങ്ങളും പൊള്ളയും പരിഹാസ്യവുമാണെന്നും സാമ്നയിലെ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."