പൊലിസ് സഹായത്തിന് ഇനി 'രക്ഷ' സ്വന്തം
തിരുവനന്തപുരം: പൊലിസ് വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി ഇനി മൊബൈല്‍ ഫോണിലും സംവിധാനം. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. രക്ഷ എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷയ്ക്കും ട്രാഫിക് ബോധവല്‍ക്കരണത്തിനുമായി മൂന്നു മൊബൈല്‍ ആപ്പുകളും ഇതോടൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയിട്ടുണ്ട്. പൊലിസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് രക്ഷ.
ആന്‍ഡ്രോയിഡ്,ഐ.ഒ.എസ്, പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പൊലിസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍വഴിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പൊലിസ് സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ സുതാര്യതയോടെ എത്തിക്കുന്നതിന് കഴിയും വിധമാണ് രക്ഷ തയാറാക്കിയിരിക്കുന്നത്.
സ്റ്റേഷന്‍ എസ്.എച്ച്.ഒ മുതല്‍ സംസ്ഥാന പൊലിസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്പരുകള്‍, വിവിധ യൂനിറ്റുകളിലെ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള പൊലിസ് ടെലിഫോണ്‍ ഡയറക്ടറി ഇതില്‍ ലഭ്യമാണ്. ഇതിലൂടെ എല്ലാ പൊലിസ് ഓഫിസുകളിലേക്കും ബന്ധപ്പെടാം. തൊട്ടടുത്ത പൊലിസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റേയും അധികാരപരിധിയിലുള്ള പൊലിസ് സ്റ്റേഷനും കണ്ടെത്തുന്നതിനും ആ സ്റ്റേഷനിലേക്ക് ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള മാര്‍ഗം ജി.പി.എസ് മുഖേന മനസിലാക്കുന്നതിനുമുള്ള സംവിധാനവും രക്ഷയിലുണ്ട്.
നടപടിക്രമങ്ങള്‍ സംബന്ധിച്ച സംശയനിവാരണവും ഈ മൊബൈല്‍ ആപ്പിലുണ്ട്. എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങള്‍, പൊലിസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗതസുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്,എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പെറ്റിഷന്റെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കല്‍ തുടങ്ങി വെബ്‌സൈറ്റില്‍ ലഭ്യമായ ഇ-സര്‍വിസുകളിലേക്കുള്ള ലിങ്കുകളുമുണ്ട്. രക്ഷ ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ച് മെച്ചപ്പെടുത്തി അന്തിമ രൂപത്തില്‍ പുറത്തിറക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."