ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധു അറസ്റ്റില്‍
അഞ്ചല്‍(കൊല്ലം): ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പൊലിസ് പിടിയിലായി. ഏരൂര്‍ ഗവ.എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും ഏരൂര്‍ പുഞ്ചിരിമുക്ക് സുജി ഭവനില്‍ മനോജ്- സുജി ദമ്പതികളുടെ മകളുമായ ശ്രീലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരിയുടെ രണ്ടാം ഭര്‍ത്താവ് കുളത്തൂപ്പുഴ ചന്ദനകാവില് രാജേഷി(27)നെ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കുട്ടിയെ മുത്തശ്ശി സ്കൂളിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ രാജേഷ് സ്കൂളില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൂടെക്കൊണ്ടുപോയി. എന്നാല്‍ ബന്ധുവായ മറ്റൊരു സ്ത്രീ സ്കൂളില്‍ എത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയില്ലെന്ന് അറിയുന്നത്. ഇതോടെ കുട്ടിയെ കൂട്ടികൊണ്ടു പോയ രാജേഷിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രക്ഷാകര്ത്താക്കള് ഏരൂര്‍ പൊലിസില്‍ പരാതി നല്കി.
പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ രാവിലെ മൃതദേഹം കുളത്തൂപ്പുഴ ആര്.പി.എല്‍ എസ്റ്റേറ്റിലെ റബര്‍ തോട്ടത്തില്‍ തൊഴിലാളികള്‍ കണ്ടെത്തിയത്.
പിന്നീട് നടന്ന അന്വേഷണത്തില്‍ രാജേഷിനെയും തോട്ടത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ മുന്‍പ് മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് സ്വമേധയാ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."