സുധീരനും യു.എ ഖാദറിനും സി.എച്ച് അവാര്‍ഡുകള്‍ സമ്മാനിച്ചു
കോഴിക്കോട്: സി.എച്ച് വിചാര്‍വേദിയുടെ സി.എച്ച് അവാര്‍ഡുകള്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും എഴുത്തുകാരനായ യു.എ ഖാദറിനും സമ്മാനിച്ചു. കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി അവാര്‍ഡുകള്‍ സമ്മാനിച്ചു. എഴുത്തിലും പ്രഭാഷണത്തിലും എപ്പോഴും മാന്യമായ ഭാഷ മാത്രമാണ് സി.എച്ച് ഉപയോഗിച്ചതെന്നും രാഷ്ട്രീയത്തിനതീതമായ ബന്ധം എല്ലാവരുമായും പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. യു.എ ഖാദര്‍ എഴുത്തിനെ ഒരു പ്രതിബദ്ധതതായി കാണുന്ന വ്യക്തിയാണെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. എം.പി അബ്ദുസമദ് സമദാനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.എച്ച് മതേതരത്വത്തിന്റെയും ദേശീയ ബോധത്തിന്റെയും പ്രതിനിധാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ നില്‍ക്കുമ്പോഴും ചെറിയകാര്യങ്ങള്‍ വരെ സൂക്ഷ്മതയോടെ സി.എച്ച് കൈകാര്യം ചെയ്തിരുന്നതായി അവാര്‍ഡ് ഏറ്റുവാങ്ങിയ വി.എം സുധീരന്‍ പറഞ്ഞു. എഴുത്തിന്റെ മേഖലയില്‍ തനിക്ക് പ്രചോദനം നല്‍കിയ വ്യക്തിയായിരുന്നു സി.എച്ചെന്ന് യു.എ ഖാദര്‍ അനുസ്മരിച്ചു. ആദ്യമായി എഴുതിയ കഥ ആവശ്യമായ തിരുത്തലുകളോടെ പ്രസിദ്ധീകരിച്ചതിലൂടെ തനിക്ക് ആത്മപാഠമാണ് സി.എച്ച് നല്‍കിയതെന്നും യു.എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അതിഥികളെ പരിചയപ്പെടുത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പൊന്നാട അണിയിച്ചു. എം.കെ രാഘവന്‍ എം.പി സ്‌നേഹ പത്രസമര്‍പ്പണം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. കെ. ഇബ്രാഹിംകുട്ടി മാസ്റ്റര്‍ സ്‌നേഹ പത്രം വായിച്ചു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, അഡ്വ പി.എം സുരേഷ്ബാബു, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, കമാല്‍ വരദൂര്‍, ഇ.വി ഉസ്മാന്‍കോയ, കെ. മൊയ്തീന്‍കോയ, ടി.വി ബാലന്‍ എന്നിവര്‍ സംബന്ധിച്ചു. സി.എച്ച് വിചാര്‍വേദി പ്രസിഡന്റ് സഫ അലവി അധ്യക്ഷനായി. സെക്രട്ടറി പി. ഇസ്മാഈല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.പി ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."