ബയേണിനെ തകര്‍ത്ത് പി.എസ്.ജി ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബാഴ്‌സലോണ, യുവന്റസ് ടീമുകള്‍ക്ക് വിജയം
പാരിസ്: മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ സ്വന്തം തട്ടകത്തില്‍ തകര്‍ത്ത് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ വിജയം.
മറ്റ് മത്സരങ്ങളില്‍ ചെല്‍സി 2-1ന് അത്‌ലറ്റിക്കോ മാഡ്രിഡിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് സി.എസ്.കെ.എ മോസ്‌കോയേയും യുവന്റസ് 2-0ത്തിന് ഒളിംപ്യാകോസ് പൈററ്റ്‌സിനേയും ബാഴ്‌സലോണ 1-0ത്തിന് സ്‌പോര്‍ടിങിനേയും പരാജയപ്പെടുത്തി. ബാസല്‍ 5-0ത്തിന് ബെന്‍ഫിക്കയെ തകര്‍ത്തെറിഞ്ഞപ്പോള്‍ സെല്‍റ്റിക്ക് എവേ പോരാട്ടത്തില്‍ 3-0ത്തിന് ആന്റര്‍ലെറ്റിനെ വീഴ്ത്തി.
21 വര്‍ഷത്തിന് ശേഷമാണ് ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബയേണ്‍ ഇത്തരത്തില്‍ തോല്‍വി വഴങ്ങുന്നത്. നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതൊന്നും മുതലാക്കാന്‍ ബാവേറിയന്‍സിന് സാധിച്ചില്ല.
മറുഭാഗത്ത് പി.എസ്.ജിയാകട്ടെ നെയ്മര്‍, കവാനി, എംബാപ്പെ മുന്നേറ്റത്തിന്റെ കരുത്തില്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബയേണിനെ വിറപ്പിച്ചു. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഡാനി ആല്‍വ്‌സ് ആതിഥേയരെ മുന്നിലെത്തിച്ചു. 31ാം മിനുട്ടില്‍ കവാനിയുടെ ഒരു കിടിലന്‍ ഷോട്ട് ബയേണ്‍ വല തുളച്ച് കയറിയതോടെ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് ടീം രണ്ട് ഗോള്‍ ലീഡെടുത്തു. പിന്നീട് 63ാം മിനുട്ടില്‍ നെയ്മര്‍ പട്ടിക പൂര്‍ത്തിയാക്കി.
അവസാന നിമിഷത്തില്‍ ബാറ്റ്ഷുയി നേടിയ ഗോളില്‍ ചെല്‍സി അത്‌ലറ്റിക്കോയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുകയായിരുന്നു. 40ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ നേടിയ പെനാല്‍റ്റി ഗോളില്‍ അത്‌ലറ്റിക്കോ മുന്നിലെത്തി. എന്നാല്‍ 59ാം മിനുട്ടില്‍ ആല്‍വരോ മൊറാറ്റ ചെല്‍സിയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന പ്രതീതി ഉണര്‍ത്തിയെങ്കിലും അന്ത്യ നിമിഷത്തില്‍ ബാറ്റ്ഷുയിയുടെ ഗോള്‍ ചെല്‍സിക്ക് അപ്രതീക്ഷിത വിജയമൊരുക്കുകയായിരുന്നു.
റൊമേലു ലുകാകു ഗോളടി തുടര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ സുരക്ഷിത വിജയം സ്വന്തമാക്കി.
ഇരട്ട ഗോളുകള്‍ നേടി ബെല്‍ജിയം താരം വെട്ടിത്തിളങ്ങിയ മത്സരത്തില്‍ സി.എസ്.കെ.എ മോസ്‌കോയെ അവരുടെ തട്ടകത്തില്‍ 4-1ന് വീഴ്ത്താന്‍ യുനൈറ്റഡിന് സാധിച്ചു. ശേഷിച്ച രണ്ട് ഗോളുകള്‍ മാര്‍ഷ്യല്‍, മിഖിതാര്യന്‍ എന്നിവരും നേടി. സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്‌സലോണ സ്‌പോര്‍ടിങിനെ മറികടന്നത്. രണ്ടാം പകുതിയില്‍ ഹിഗ്വയ്ന്‍, മാന്‍ഡ്‌സുകിച് എന്നിവര്‍ നേടിയ ഗോളുകളാണ് യുവന്റസിന് ഒളിംപ്യാകോസിനെതിരേ വിജയമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."