കൊച്ചി സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍
കൊച്ചി: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒരുക്കുന്നതെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്.
സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അതത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ വെന്യൂ ഓപറേഷന്‍ സെന്ററിലുണ്ടാകണം. വേദിയുടെ കണ്‍ട്രോള്‍ റൂമായി സെന്റര്‍ പ്രവര്‍ത്തിക്കും.
ഫയര്‍ എക്സ്റ്റിന്‍ഗിഷറുകളും ഇന്‍സ്റ്റലേഷനും സ്റ്റേഡിയത്തിലുടനീളം സജ്ജമാക്കിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു. കൂടാതെ സ്റ്റേഡിയത്തില്‍ നിയോഗിക്കുന്ന 320 ഓളം സ്റ്റുവാര്‍ഡ്‌സിന് പ്രത്യേക ഫയര്‍ എക്സ്റ്റിന്‍ഗിഷിങ് പരിശീലനം നല്‍കിയിട്ടുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ അപകടസ്ഥലത്ത് ആദ്യമെത്തുന്നത് സ്റ്റുവാര്‍ഡ്‌സായിരിക്കും. ഫിഫയുടെ പ്രത്യേക പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ 50 പേര്‍ക്ക് കൂടി ഫയര്‍ പരിശീലനം നല്‍കാനും കമ്മിഷണര്‍ നിര്‍ദേശിച്ചു.
കളിക്കാര്‍ക്കുള്ള ഭക്ഷണം ഓരോ ദിവസവും പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കും. കളിക്കാര്‍ക്കുള്ള ഭക്ഷണമെത്തിക്കുന്ന സ്വകാര്യ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണവും പരിശോധിക്കും. നെറ്റ് വര്‍ക്കിങ്, മെസേജിങ് സംവിധാനം തുടങ്ങിയ ഐ.ടി സേവനങ്ങളുടെ സുരക്ഷ കുറ്റമറ്റതാക്കാനും കമ്മിഷണര്‍ നിര്‍ദേശിച്ചു. എഴ് മെഡിക്കല്‍ കിയോസ്‌കുകളാണ് വേദിയില്‍ സജ്ജമാക്കുന്നത്.
കൂടാതെ ഏഴോളം ആംബുലന്‍സുകളും സ്‌റ്റേഡിയത്തിലുണ്ടാകും. ബോംബ് സ്‌ക്വാഡ്, ദുരന്ത നിവാരണ അതോറിറ്റി, എന്‍.ഡി.ആര്‍.എഫ് വിഭാഗങ്ങളും സജ്ജമായിരിക്കും.
പ്രത്യേക മീഡിയ സെന്ററും പ്രവര്‍ത്തിക്കും. അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കായിരിക്കും മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.
ഫിഫയുടെ അക്രഡിറ്റേഷന്‍ കാര്‍ഡ് കൈപ്പറ്റിയ ശേഷമേ ഏതൊരാള്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകൂ. കെ.എസ്.ഇ.ബി, ഫിഫ, കൊച്ചി മെട്രോ, റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ടെലികമ്മ്യൂണിക്കേഷന്‍, ജി.സി.ഡി.എ, വാട്ടര്‍ അതോറിറ്റി വകുപ്പുകളുടെ പ്രതിനിധികളും കൊച്ചി റേഞ്ച് ഐ.ജി പി വിജയന്‍, എ.സി.പി ലാല്‍ജി തുടങ്ങിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."