ദേശീയ സീനിയര്‍ ഓപണ്‍ അത്‌ലറ്റിക്‌സ് കിരീടം നിലനിര്‍ത്തി റെയില്‍വേസ്
ചെന്നൈ: 57ാമത് ദേശീയ സീനിയര്‍ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ റെയില്‍വേസ് കിരീടം നിലനിര്‍ത്തി. നാല് ദിവസമായി നടന്ന മീറ്റില്‍ 296 പോയിന്റുമായാണ് റെയില്‍വേ ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്.182 പോയിന്റുമായി സര്‍വിസസ് രണ്ടാമതും 77 പോയിന്റുമായി ഒ.എന്‍.ജി.സി മൂന്നാമതും എത്തി. 40 പോയിന്റുമായി കേരളം ഏഴാമത്. പുരുഷ വിഭാഗത്തില്‍ 182 പോയിന്റുമായി സര്‍വിസസ് ഒന്നാമത്. റെയില്‍വേസ് 100 പോയിന്റുമായി രണ്ടാമത്. 43.5 പോയിന്റുമായി ഹരിയാനയാണ് മൂന്നാമത്.
15 പോയിന്റുള്ള കേരളം എട്ടാം സ്ഥാനത്ത്. വനിതകളില്‍ 196 പോയിന്റ് നേടി റെയില്‍വേസ് ഒന്നാം സ്ഥാനത്ത്. 55 പോയിന്റുമായി കര്‍ണാടക രണ്ടാം സ്ഥാനവും 40 പോയിന്റുമായി ഒ.എന്‍.ജി.സി മൂന്നാമതുമെത്തി. 25 പോയിന്റുമായി കേരളം ഏഴാം സ്ഥാനത്ത്. മീറ്റിലെ മികച്ച അത്‌ലറ്റായി പുരുഷ വിഭാഗത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ തമിഴ്‌നാടിന്റെ സന്തോഷ് കുമാറിനെയും വനിതകളില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലെ ഒന്നാം സ്ഥാനക്കാരി റെയില്‍വേസിന്റെ ചിന്ത യാദവിനെയും തിരഞ്ഞെടുത്തു.
പുരുഷന്മാരുടെ ട്രിപിള്‍ ജംപില്‍ കേരളത്തിന് ആശ്വാസമായി കെ ശ്രീജിത്ത്‌മോന്റെ സ്വര്‍ണം. 16.15 മീറ്റര്‍ ചാടിയ ശ്രീജിത്ത് ദേശീയ ചാംപ്യന്‍ ഒ.എന്‍.ജി.സിയുടെ അര്‍പീന്ദര്‍ സിങിനെ (16.06 മീ) പിന്തള്ളിയാണ് സുവര്‍ണ താരമായത്. സര്‍വിസസിന്റെ രാകേഷ് ബാബു വെങ്കലവും നേടി. ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമടക്കം മൂന്ന്.
മീറ്റിലെ അവസാന ഇനങ്ങളായ നാല് റിലേയിലും കേരളം പച്ചതൊട്ടില്ല. 4-100 മീറ്റര്‍ പുരുഷ വനിതാ റിലേയില്‍ സര്‍വിസസും കര്‍ണാടകയും സ്വര്‍ണവും തമിഴ്‌നാടും റെയില്‍വേസും വെള്ളിയും നേടി. രണ്ട് വിഭാഗങ്ങളിലും കേരളം ആറാമതായാണ് ഫിനിഷ് ചെയ്തത്. 4-400 മീറ്റര്‍ റിലേയില്‍ പുരുഷന്മാരില്‍ ഹരിയാനയും വനിതകളില്‍ ഒ.എന്‍.ജി.സിയും ഒന്നാമതെത്തി. ആന്ധ്രയും റെയില്‍വേസും വെള്ളി നേടി. വനിതകളില്‍ കേരളം നാലാമത്.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ 10000 മീറ്ററില്‍ സ്വര്‍ണം നേടി സര്‍വിസസിന്റെ ജി ലക്ഷ്മണും റെയില്‍വേസിന്റെ എല്‍ സൂര്യയും ഇരട്ട സ്വര്‍ണത്തിന് അവകാശികളായി. ഇരുവരും ആദ്യ ദിനം 5000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. 29:16.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജി ലക്ഷ്മണ്‍ രണ്ടാം പൊന്നിലേക്ക് കുതിച്ചത്. 32:42.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സൂര്യയുടെ നേട്ടം.
ഇന്നലത്തെ ആദ്യ ഇനമായ വനിതകളുടെ 20 കി.മീ. നടത്തത്തില്‍ ഒ.എന്‍.ജി.സിയുടെ പ്രിയങ്കയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഹാമര്‍ ത്രോയില്‍ സര്‍വിസസിന്റെ നീരജ് കുമാര്‍ 65.42 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. പുരുഷ, വനിതാ 200 മീറ്ററില്‍ സര്‍വിസസിന്റെ വിദ്യാസാഗറും അസമിന്റെ ഹിമ ദാസും സ്വര്‍ണം നേടി. മീറ്റിലെ വേഗമേറിയ താരം തമിഴ്‌നാടിന്റെ എസ് അര്‍ച്ചനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 200ല്‍ ഹിമ പൊന്നണിഞ്ഞത്. സമയം 24.26 സെക്കന്‍ഡ്. പുരുഷ വിഭാഗത്തില്‍ 21.46 സെക്കന്‍ഡിലാണ് വിദ്യാസാഗര്‍ ഫിനിഷങ് ലൈന്‍ കടന്നത്. 800 മീറ്ററില്‍ വനിതാ വിഭാഗത്തില്‍ 2:04.51 സെക്കന്‍ഡില്‍ ലിലി ദാസും പുരുഷ വിഭാഗത്തില്‍ 1:49.05 സെക്കന്‍ഡില്‍ അജയ് കുമാര്‍ സരോജും പൊന്നണിഞ്ഞു. ഇരുവരും റെയില്‍വേസ് താരങ്ങള്‍. പുരുഷന്മാരില്‍ സര്‍വിസസിന്റെ മലയാളി താരം മുഹമ്മദ് അഫ്‌സല്‍ വെള്ളി നേടി. വനിതകളുടെ ഡിസ്‌ക്കസ് ത്രോയില്‍ റെയില്‍വേയുടെ കമല്‍പ്രീത് കൗര്‍ (54.25 മീ) സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ ഹെപ്റ്റാത്തലണില്‍ റെയില്‍വേസിന്റെ പൂര്‍ണ്ണിമ ഹെംബ്രാം 5126 പോയിന്റുമായി സ്വര്‍ണം നേടി.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ കര്‍ണാടകയുടെ ഖ്യാതി വഖാരിയ 3.90 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ റെയില്‍വേസിന്റെ മലയാളി താരം ദിജ ചന്ദ്രന്‍ വെങ്കലം നേടി. കേരള താരങ്ങളായ അനശ്വര സി, സിഞ്ജു ്രപകാശ്, രേഷ്മ രവീന്ദ്രന്‍ എന്നിവര്‍ ഒന്‍പത്, 10, 12 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."