ആറു മാസക്കാലം ശമ്പളമില്ലാതെ ദുരിതത്തിലായ എട്ടു തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
ദമാം: ആറു മാസക്കാലം ശമ്പളമോ മതിയായ ഭക്ഷണമോ ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഏറെ സമയത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കമ്പനിതന്നെ ഇവര്‍ക്ക് ആവശ്യമായ ടിക്കറ്റുകളും മറ്റു ചിലവുകളും നല്‍കി നാട്ടിലേക്കയക്കാന്‍ തയ്യാറാവുകയായിരുന്നു. ദമാമിനു സമീപം റാസ്തനൂറയിലെ മന്‍സൂര്‍ സലഹ് സമീര്‍ ജനറല്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ മാര്‍ത്താണ്ഡം സ്വദേശികളായ എട്ടു തൊഴിലാളികളാണ് ദീര്‍ഘകാലമായി ശമ്പളം ലഭിയ്ക്കാതെ ദുരിതത്തില്‍ കഴിഞിരുന്നത്.
കമ്പനിയുടെ സാമ്പത്തികപ്രതിസന്ധിയാണ് ശമ്പളം നല്‍കുന്നതിനും മറ്റും തടസവുമായിരുന്നത്. ആറു മാസക്കാലം ശമ്പളം ലഭിക്കാതായതോടെ ആഹാരത്തിനു പോലും പണമില്ലാതെ വിഷമത്തിലായ തൊഴിലാളികള്‍ ഒടുവില്‍ തങ്ങളെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്ന് കമ്പനി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. തൊഴിലാളികളുടെ ദയനീയരംഗം ശ്രദ്ധയില്‍പെട്ട സാമൂഹ്യപ്രവര്‍ത്തകര്‍ തൊഴിലാളികളെ താമസിച്ചിരുന്ന ക്യാമ്പ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ഇവിടെ ഏറെ ദുരിതമയമായിരുന്നു തൊഴിലാളികളുടെ അവസ്ഥ. തുടര്‍ന്ന് നവയുഗം ജീവകാരുണ്യ കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ സഹായത്തോടെ തൊഴിലാളികള്‍ കമ്പനിയ്‌ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് നല്‍കി.
ഇതറിഞ്ഞ കമ്പനി മാനേജ്‌മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായി. സ്വന്തം ചിലവില്‍ വിമാനടിക്കറ്റ് എടുക്കുന്നപക്ഷം, തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, ചര്‍ച്ചക്കെത്തിയവര്‍ ഇതിനു വഴങ്ങാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ഫൈനല്‍ എക്‌സിറ്റും വിമാനടിക്കറ്റും നല്‍കാമെന്ന് കമ്പനി മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."