കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി
തിരുവനന്തപുരം: കുടുംബശ്രീ നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് എന്‍.ആര്.ഒ വ്യാപിപ്പിക്കുന്നത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനവും സംയോജിപ്പിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളും ഉപജീവന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കലുമാണ് കുടുംബശ്രീ എന്‍.ആര്.ഒയുടെ ദൗത്യം.
മണിപ്പൂരില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ മാസം മുതല്‍ കുടുംബശ്രീ എന്‍.ആര്.ഒ പ്രവര്‍ത്തനങ്ങള്‍ അവിടെ ആരംഭിക്കും. ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ അസം,ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ത്രിപുര, ഒഡിഷ, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒഡിഷയിലെ ആറ് ജില്ലകളിലും 40 ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഒപ്പം ഛത്തിസ്ഗഡിലും ഉപജീവന പദ്ധതികളുടെ ഭാഗമായുള്ള എസ്.വി.ഇ.പി (സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) കുടുംബശ്രീ എന്‍.ആര്.ഒ നടപ്പിലാക്കും. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കും.
11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് നിലവില്‍ കുടുംബശ്രീ എന്‍.ആര്.ഒ പ്രവര്‍ത്തിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡും കുടുംബശ്രീ നാഷനല്‍ റിസോഴ്സ് ഓര്ഗനൈസേഷന് സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."