വഴിതെറ്റുന്ന പൊലിസിനെ നേര്‍വഴിക്കു നടത്താന്‍ കൗണ്‍സലിങ്
തിരുവനന്തപുരം: വഴിതെറ്റുന്ന പൊലിസിനെ നേര്‍വഴിക്കു നടത്താന്‍ കൗണ്‍സലിങ്ങുമായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള മാനസിക സമ്മര്‍ദം അവസാനിപ്പിക്കുന്നതിനായി കൗണ്‍സലിങ് നിര്‍ബന്ധമാക്കാനാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയത്. മദ്യം ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക പ്രശ്‌നത്തില്‍ കുടുങ്ങിയവരുടേയും പട്ടിക തയാറാക്കി കൗണ്‍സലിങ് നടത്താന്‍ കഴിഞ്ഞ തിങ്കളാഴ്ച എല്ലാ പൊലിസ്് സ്റ്റേഷന്‍ ചുമതലയുള്ള എസ്.എച്ച്.ഒമാര്‍ക്കും, ജില്ലാ പൊലിസ്് മേധാവികള്‍ക്കും, റെയ്ഞ്ച് ഐ.ജിമാര്‍ക്കും വിവിധ വകുപ്പ് തലവന്മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു.
ഒരു വര്‍ഷത്തിനിടെ കേരള പൊലിസില്‍ 16പേര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് അടിയന്തര നടപടി. ഓരോ സ്റ്റേഷന്റേയും ചുമതലയുള്ള എസ്.എച്ച്.ഒമാര്‍ ആദ്യം തന്നെ ഒരു പട്ടിക തയാറാക്കണം. സ്ഥിരമായി മദ്യപിക്കുന്നവര്‍, സാമ്പത്തിക പ്രശ്‌നമുള്ളവര്‍, ആരോഗ്യ പ്രശ്‌നമുള്ളവര്‍ തുടങ്ങി പട്ടിക വേര്‍തിരിക്കണം. ഇതിനായി ഇന്റലിജന്‍സ് സംവിധാനത്തെ ഉപയോഗിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൗണ്‍സലിങ് ഉറപ്പാക്കണം. മറ്റു വകുപ്പുകളിലെ കൗണ്‍സലര്‍മാരെ ഇതിനായി ഉപയോഗിക്കാം. ഇല്ലെങ്കില്‍, സാമൂഹ്യ ക്ഷേമ വകുപ്പിന്റെയോ സന്നദ്ധ സംഘടനകളുടെയോ കൗണ്‍സലര്‍മാരേയും ഉപയോഗിക്കാം. മേലുദ്യോഗസ്ഥരോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കൗണ്‍സലറോട് പറഞ്ഞേക്കാം. വ്യക്തിപരമായും ഔദ്യോഗികമായും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു കൗണ്‍സലിങ്ങാണ് പരിഹാരം.
പൊലിസ്് സേനയിലെ സ്വഭാവ ദൂഷ്യത്തിന് നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവരെയും കൗണ്‍സലിങ്ങിന് വിധേയമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മാനസിക സമ്മര്‍ദമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ശ്രദ്ധചെലുത്താന്‍ കഴിയില്ലെന്നും ഇതു സേനയെ തന്നെ നാണക്കേടിലെത്തിക്കുന്ന നടപടികള്‍ ഉണ്ടക്കുന്നുവെന്നും അഴിമതി വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്നും നേരത്തെത്തന്നെ ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."