അറവ് നിരോധനം: സംസ്ഥാനങ്ങളോട് കേന്ദ്രം പ്രതികരണം തേടി
ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പുശാലകള്‍ക്ക് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പഴയവിജ്ഞാപനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതികരണം ആരാഞ്ഞു. വിജ്ഞാപനം വിവാദമാവുകയും സുപ്രിംകോടതി സ്റ്റേ ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് പ്രതികരണംതേടി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കത്തയച്ചത്. സ്റ്റേ ചെയ്തതിനുപിന്നാലെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിരുന്നു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ മറുപടി നല്‍കി. ഇതിനുപുറമെയാണ് മൃഗാവകാശ പ്രവര്‍ത്തകര്‍, മാംസ വ്യാപാരികള്‍, പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രതികരണംകൂടി ചേര്‍ത്ത് വിശദമറുപടി അറിയിക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചത്. കന്നുകാലി അറവ് സംബന്ധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാനുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 'മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം 2017' എന്ന പേരില്‍ കഴിഞ്ഞ മെയ് 23നാണ് പശു, കാള, പോത്ത്, എരുമ, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി വില്‍ക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായി ബലിയറുക്കുന്നതും നിരോധിച്ച് വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."