സഹകരണമേഖലയുടെ സംരക്ഷണത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു
പാലക്കാട്: സഹകരണമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ചെറുക്കാനും മേഖലയുടെ സംരക്ഷണത്തിനും വേണ്ടി പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കേരളയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാളെ മുതല്‍ 15 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി. പ്രക്ഷോഭത്തിനായി ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഫെഡറേഷന്‍ മുന്‍കൈ എടുക്കും. 1990-കള്‍ മുതല്‍ സഹകരണമേഖലയെ ഉദ്ധരിക്കുന്നതിനു വേണ്ടി നിയോഗിച്ച കമ്മിറ്റികളെല്ലാം തന്നെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കനുസരിച്ച് ഈ മേഖലയെ മാറ്റിത്തീര്‍ക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്.
സഹകരണമേഖലക്ക് ഏറെ ദോഷകരമായ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം അംഗീകരിച്ചില്ലെങ്കിലും അതിലെ നിര്‍ദേശങ്ങള്‍ വിവിധ നിയമനിര്‍മാണങ്ങളിലൂടെ നടപ്പിലാക്കുകയാണ്.
സഹകരണം സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരുടെ തീരുമാനങ്ങള്‍ ഈ മേഖലയില്‍ നേരിട്ട് നടപ്പിലാക്കുന്നു. 97 ാം ഭരണഘടനാ ഭേദഗതി നിയമം ഇതിന് ഉത്തമ ഉദാഹരണമാണ്.
സഹകരണമേഖലയില്‍ കിടമത്സരവും അരാജകത്വവും വളര്‍ത്തുന്നതിനും ജനകീയസ്വഭാവം നഷ്ടപ്പെടുത്തുന്നതിനും ഇത്തരം നിയമങ്ങള്‍ കാരണമാകും. ബാങ്കിങ് നിയമഭേദഗതി ബില്‍ 2012 ഉം സഹകരണ മേഖലക്ക് ഒട്ടനവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയാണ്.
സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, എ.കെ. ബാലന്‍, എ.സി. മൊയ്തീന്‍, എം.ബി. രാജേഷ്, പി.കെ. ബിജു, പി. സതീദേവി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."