കൃഷിക്കായി ഒരു ഗ്രാമമുണ്ട് കൊടക്കാട് കദളീവനം
ചെറുവത്തൂര്‍: കണ്‍നിറയെ കൃഷിയുടെ പച്ചപ്പ് നിറയ്ക്കുന്ന ഗ്രാമത്തിന്റെ പേരാണ് കദളീവനം. സ്വര്‍ണശോഭയോടെ വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകളും പച്ചക്കറികളുടെ പച്ചപ്പും മേഞ്ഞുനടക്കുന്ന നാടന്‍ പശുക്കളും... കൃഷിയെ നെഞ്ചോടുചേര്‍ക്കുന്ന ആരുടെയും മനസില്‍ കുളിര്‍മ നിറയും.
കാസര്‍കോട് കൊടക്കാട് ഗ്രാമത്തിലാണ് വിഷംതീണ്ടാത്ത വിളകള്‍ വിളയുന്ന ഈ കൃഷിയുടെ പൂങ്കാവനം. കര്‍ഷക പോരാട്ടങ്ങളുടെ മണ്ണാണ് കൊടക്കാട്. എന്നാല്‍ ചരിത്രത്തിനൊപ്പം കൊടക്കാട് ഗ്രാമത്തില്‍ നിന്നു കാര്‍ഷികസമൃദ്ധി പതിയെപ്പതിയെ വിടവാങ്ങാനൊരുങ്ങുമ്പോഴാണ് ഒരു കൂട്ടം കര്‍ഷകര്‍ കൃഷിക്കായി ഒരു ഗ്രാമം എന്ന ആശയം രൂപപ്പെടുത്തിയത്.
കൃഷി സാമൂഹികപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ ഒരുകൂട്ടം കര്‍ഷകര്‍. സര്‍ക്കാര്‍ സര്‍വിസിലുള്ളവരും വിരമിച്ചവരുമായ 10 കുടുംബനാഥന്‍മാര്‍ ചേര്‍ന്നാണ് കൊടക്കാടിന്റെ കാര്‍ഷികപ്പെരുമ നിലനിര്‍ത്താന്‍ കദളീവനം കാര്‍ഷികഗ്രാമത്തിനു തുടക്കമിട്ടത്. 2004ല്‍ ഒരു സായാഹ്നത്തില്‍ രൂപംകൊണ്ട ആശയം കദളീവനമായി രൂപപ്പെടുകയായിരുന്നു.
ഓരോരുത്തരും 30000 രൂപ നിക്ഷേപിച്ച് വയലും ഒരു ഇല്ലവും ഉറവവറ്റാത്ത ഒരു കുളവും ഉള്‍പ്പെടുന്ന മൂന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കി. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. ആദ്യം നെല്‍കൃഷി ആരംഭിച്ചു. 10 വര്‍ഷം പിന്നിട്ടതോടെ ഏഴ് ഏക്കര്‍ ഭൂമി സ്വന്തമാക്കി. തരിശുവയലുകളെല്ലാം നെല്‍കൃഷിയുടെ ഹരിതാഭ ചൂടാന്‍ അധികസമയം വേണ്ടിവന്നില്ല. വിഷരഹിതമായ നാടന്‍ അരി ഒരു വര്‍ഷം ഒരു കുടുംബത്തിന് ഇപ്പോള്‍ മൂന്ന് ക്വിന്റല്‍ വരെ ലഭിക്കും. കദളീവനത്തില്‍ അംഗങ്ങളായവരുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും പഴവര്‍ഗങ്ങളുമെല്ലാം ഈ ഭൂമിയില്‍ നിന്നാണ് വിളയിക്കുന്നത്. കാര്‍ഷിക ഗ്രാമത്തില്‍ തന്നെ ആധുനിക രീതിയിലുള്ള ഒന്നാംതരം ഫാമുമുണ്ട്. ഇവിടത്തെ പാല്‍ തന്നെയാണ് ഈ കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. വില്‍പനയില്ല.
കാലിത്തീറ്റകളൊന്നും നല്‍കാത്തത് കൊണ്ട് ഇവയും വിഷവിമുക്തമാണ്. കൃഷിക്കാവശ്യമായ ജൈവവളം ശേഖരിക്കലാണ് പശുവളര്‍ത്തലിലൂടെ ലക്ഷ്യമിടുന്നത്. ഓണം, വിഷു പോലുള്ള വിശേഷ ദിവസങ്ങളില്‍ കൊടക്കാട് പ്രദേശത്തുള്ളവര്‍ക്ക് കൂടി കുത്തരി വിതരണം ചെയ്യും. കാലമിത്രയും ഒരു തൊഴില്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ല.
കാര്‍ഷിക വിദ്യാര്‍ഥികളും പരിസരപ്രദേശങ്ങളിലെ സ്‌കൂളില്‍ നിന്നുള്ളവരും കൃഷിപാഠത്തിന്റെ ഹരിശ്രീ കുറിക്കാനെത്താറുണ്ട് ഇവിടെ. സി.വി.പരമേശ്വര വാര്യര്‍, കെ.പി.ശ്രീധരന്‍, പി.രാമചന്ദ്രന്‍, കെ.വിജയന്‍, രവീന്ദ്രന്‍ കൊടക്കാട്, വി.വാസുദേവന്‍ നമ്പൂതിരി, വി.എസ്. ബിജുരാജ്, ഇ.വി.രാധാകൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍, വി.കൃഷ്ണകുമാര്‍ എന്നിവരാണ് സ്ഥാപക അംഗങ്ങള്‍ പിന്നീട് രുക്മണി വാര്യര്‍, കെ.സുധര്‍ശന്‍, റീന സുധീര്‍, ഈശ്വര വാര്യര്‍, രാജേഷ് വാര്യര്‍ എന്നിവരെ കൂടി ചേര്‍ത്ത് 15 കുടുംബങ്ങളാണ് ട്രസ്റ്റിലുള്ളത്. രണ്ട് മാസത്തിലൊരിക്കല്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരും.
കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്ക് സ്വാഗത
കൃഷിയുടെ നന്മകള്‍ കണ്ടറിയുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കൃഷിപഠനകേന്ദ്രവും കദളീവനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രഭാതങ്ങളും സായാഹ്ന ദൃശ്യങ്ങളുമൊക്കെ ഇവിടെയെത്തുന്നവര്‍ക്ക് അവിസ്മരണീയ അനുഭൂതിയാണ് സമ്മാനിക്കുന്നത്.
വിരുന്നുകാര്‍ക്കായി നാല് നില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അഗ്രി ടൂറിസം, ഹെല്‍ത്ത് ടൂറിസം എന്ന ആശയത്തിലൂടെ കൊടക്കാടിന്റെ ചരിത്ര പ്രധാന്യത്തിലേക്ക് കൂടി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. യോഗ പരിശീലനവും നടക്കും. നാട്ടു സംസ്‌കൃതിയുടെ പച്ചപ്പായ കദളീവനം മാതൃക കാര്‍ഷിക ആരോഗ്യ ഗ്രാമമെന്ന ഖ്യാതിയും തേടിയെത്തുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."