ലഹരിഗുളിക കടത്ത്; ഇടവഴിയായി വയനാട്
മാനന്തവാടി: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലൂടെയുള്ള ലഹരിഗുളിക കടത്ത് വര്‍ധിക്കുന്നു.
ബംഗുളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി വാങ്ങുന്ന മയക്കുമരുന്ന് ഗുളികകളും വേദനസംഹാരി ഗുളികകളുമാണ് ജില്ലയിലും അയല്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ലഹരി കുളിക മാഫിയ കൂടുതലായും പ്രവര്‍ത്തിക്കുന്നത്.
മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട നൈട്ര സെപാം, വേദന സംഹാരിയായ പാസ്‌മോ (പോക്‌സിയോണ്‍) എന്നീ ഗുളികളാണ് വിറ്റഴിക്കപ്പെടുന്നത്.
വേദനസംഹാരി ഗുളികകള്‍ അമിതമായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ലഹരിയാണ് യുവാക്കളെ പ്രധാനമായും ഈ ഗുളികകളിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ വര്‍ധിച്ച വീര്യം ലഭിക്കുമെന്നും പറയപ്പെടുന്നു.
ഗുളികകളുടെ പതിവായുള്ള അമിത ഉപയോഗം തലച്ചോറിനെയും നാഡി ഞരമ്പുകളെയും ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് വേദനസംഹാരി ഗുളികകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയോട് കൂടി മാത്രമെ ലഭിക്കാറുള്ളുവെങ്കില്‍ കര്‍ണാടകയില്‍ ഇവ യഥേഷ്ട്ം ലഭ്യമാണ്.
ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ നടത്തുന്ന പരിശോധനകളില്‍ പിടികൂടുന്നതിന്റെ പതിന്‍മടങ്ങ് ഗുളികകളാണ് സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലുമായി ജില്ലയിലൂടെ കടന്ന് പോകുന്നത്.
കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ പരിശോധനക്കിടെ ബസ് യാത്രക്കാരനില്‍ നിന്നും 18000 ത്തോളം ഗുളികകളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
വാങ്ങുന്നതിന്റെ നാലും അഞ്ചും ഇരട്ടി തുകയാണ് വിപണിയില്‍ ലഭിക്കുന്നത് എന്നതിനാല്‍ തന്നെ നിരവധി എജന്റുമാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെടാത്ത ഗുളികകള്‍ പിടികൂടിയാല്‍ ലൈസന്‍സ് ഇല്ലാതെ ഗുളികകള്‍ കൈവശം വെച്ചു എന്ന വകുപ്പില്‍ മാത്രമെ കേസെടുക്കാന്‍ കഴിയൂ എന്നുള്ളതും ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഇത്തരം ഗുളികകള്‍ക്ക് അടിമകളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ഇയ്യിടെ പുറത്ത് വന്നിരുന്നു.
വന്‍തോതില്‍ അനധികൃതമായി ഗുളികകള്‍ നല്‍കുന്ന കച്ചവടക്കാരെ കണ്ടെത്തി ശക്തമായ കേസ് എടുക്കുകയും വാഹന പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്‌തെങ്കില്‍ മാത്രമെ ഗുളികകളുടെ അനധികൃത കടത്ത് തടയുന്നതിനും യുവതലമുറയെ വലിയ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിനും കഴിയുകയുള്ളു.
പൊലിസ്, എക്‌സൈസ് വിഭാഗങ്ങള്‍ പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."