എഞ്ചിന്‍ പൊട്ടിത്തെറിച്ചു; എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി
പാരിസ്: പാരീസില്‍ നിന്ന് ലോസാഞ്ചല്‍സിലേക്കു പറക്കുകയായിരുന്ന എയര്‍ഫ്രാന്‍സ് എ380 വിമാനം എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം.
ഗുരുതരമായ എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 496 യാത്രക്കാരും 24 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
അറ്റ്‌ലാന്റിക് സമുദ്രത്തിന് 35,000 അടി മുകളില്‍ വച്ചാണ് അപകടമുണ്ടായത്. അറ്റ്‌ലാന്റിക് സമുദ്രം കടക്കവേ ആകാശത്ത് വലിയ ശബ്ദത്തോടെ എഞ്ചിനുകളില്‍ ഒരെണ്ണം പൊട്ടിത്തകരുകയായിരുന്നുവെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു.
'വലിയൊരു ശബ്ദം കേട്ടു. പിന്നീട് വിറയലോടെ വിമാനം അല്‍പം താഴേക്കു പതിച്ചു. ഉടന്‍തന്നെ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്തു. അതിനിടെ എന്‍ജിന്‍ പൊട്ടിത്തെറിച്ചതായുള്ള ക്യാപ്റ്റന്റെ അറിയിപ്പും വന്നു.'- യാത്രക്കാരിയായ സാറാ എമിഗ് സി.ബി.സി ന്യൂസിനോട് പറഞ്ഞു.
എഞ്ചിന്റെ ഫാനിലുണ്ടായ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്‍ജിനില്‍ പക്ഷി ഇടിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.
കിഴക്കന്‍ കാനഡയിലെ ഗൂസ് ബേ സൈനിക വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."