കൃഷ്ണന്‍കുട്ടിയെ മാറ്റണമെന്ന് വിമതര്‍ ദള്‍ (എസ്) നേതൃത്വത്തില്‍ ചേരിപ്പോര് രൂക്ഷം
തിരുവനന്തപുരം: ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. കൃഷ്ണന്‍കുട്ടിയെ നീക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്ത്. പ്രസിഡന്റ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. കൃഷ്ണന്‍കുട്ടിക്കെതിരേ ഉടന്‍ നടപടി വേണമെന്ന് അവര്‍ ദേശീയ സെക്രട്ടറി ജനറല്‍ ദാനിഷ് അലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, പ്രശ്‌നങ്ങള്‍ സംസ്ഥാനതലത്തില്‍ പരിഹരിക്കാനുള്ള ശ്രമം നടത്താനാണ് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദേശം. ഒരാഴ്ചയ്ക്കകം പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനവുമായി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ദാനിഷ് അലി സംസ്ഥാന നേതാക്കള്‍ക്കു നല്‍കിയിട്ടുമുണ്ട്. കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും ഒരുപക്ഷത്തും മാത്യു ടി. തോമസും എ. നീലലോഹിതദാസും മറുഭാഗത്തുമായി നടക്കുന്ന പോരാണ് നേതൃമാറ്റ ആവശ്യത്തില്‍ എത്തിനില്‍ക്കുന്നത്.
കൃഷ്ണന്‍കുട്ടി പക്ഷത്തെ ചില നേതാക്കളെ നേരത്തെ പുറത്താക്കിയിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചായിരുന്നു നടപടി. അവരെ തിരിച്ചെടുക്കാനുള്ള നീക്കം കൃഷ്ണന്‍കുട്ടി നടത്തുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ നടപടി മറികടന്ന് അവരെ തിരിച്ചെടുത്താല്‍ കൃഷ്ണന്‍ കുട്ടി പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ പാടില്ലെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.
മാത്യു ടി. തോമസ് മന്ത്രിയായതിനെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായത് നീലലോഹിതദാസായിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരേ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നു. മന്ത്രിയും സംസ്ഥാന പ്രസിഡന്റും ഒരേ ഗ്രൂപ്പുകാരായതില്‍ എതിര്‍പ്പുമായി കൃഷ്ണന്‍കുട്ടി പക്ഷം ദേശീയനേതൃത്വത്തെ സമീപിച്ചു.
പിന്നീട് സമവായത്തിലൂടെ കൃഷ്ണന്‍കുട്ടിയെ സംസ്ഥാന പ്രസിഡന്റാക്കുകയായിരുന്നു. വൈകാതെ കൃഷ്ണന്‍കുട്ടിക്കെതിരേയും നീക്കം തുടങ്ങി. കൃഷ്ണന്‍കുട്ടി മറുപക്ഷത്തെ നേതാക്കളെ ഒതുക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നു. ഇതോടെ അദ്ദേഹത്തിനെതിരായ നീക്കം സജീവമായിരുന്നു.
മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ദേശീയസമിതി അംഗവുമായ എസ്. ചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. കൃഷ്ണന്‍കുട്ടി വിഭാഗത്തിലെ പ്രമുഖരിലൊരാളാണ് ചന്ദ്രകുമാര്‍. പാര്‍ട്ടി നേതൃയോഗത്തില്‍ മന്ത്രിയെ വിമര്‍ശിക്കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തതിനായിരുന്നു നടപടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി ജമീലാ പ്രകാശത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ ചന്ദ്രകുമാറിനെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. പകരം പ്രസിഡന്റായത് മാത്യു ടി. തോമസ് വിഭാഗത്തിലെ അഡ്വ. എസ്. ഫിറോസ്‌ലാലാണ്. അടുത്തകാലത്ത് പി.എസ്.സി അംഗത്വത്തിന്റെ പേരിലും പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായിരുന്നു. നീലലോഹിതദാസ് പ്രസിഡന്റായിരുന്നപ്പോള്‍ തീരുമാനിച്ചയാളെ മാറ്റി മറ്റൊരാളെ പി.എസ്.സി അംഗമാക്കാന്‍ കൃഷ്ണന്‍കുട്ടി ശ്രമിച്ചെന്ന ആരോപണമാണ് തര്‍ക്കത്തിനു കാരണമായത്. ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവഗൗഡയെ സമീപിച്ചാണ് മറുപക്ഷം ആ നീക്കം തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."