റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ്
ചാലക്കുടി: വസ്തുബ്രോക്കര്‍ അങ്കമാലി നായത്തോട് സ്വദേശി രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ക്കായി പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുഖ്യപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്. ഗൂഢാലോചനാ കേസില്‍ ജോണിയടക്കം മൂന്ന് പ്രതികളാണുള്ളത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ആരോപണവിധേയനായ അഡ്വ. സി.പി ഉദയഭാനുവിന്റെ ഭൂമി ഇടപാടുകളെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
മരിച്ച രാജീവ് പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തുകയായിരുന്നു. ഈ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടത്. മരിച്ച രാജീവും ഒളിവില്പോയിട്ടുള്ള പ്രതി ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു. ജോണി രാജീവിനെതിരേ അങ്കമാലി പോലിസില്‍ നിരവധി കേസുകള്‍ കൊടുത്തതായും പറയുന്നു.
കേസ് ആവശ്യത്തിനായാണ് രാജീവ് അഡ്വ. സി.പി ഉദയഭാനുവിന് അടുത്തെത്തുന്നത്. പിന്നീട് അഭിഭാഷകനും രാജീവും തമ്മില്‍ നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായാണ് പറയപ്പെടുന്നത്. രാജീവ് അഭിഭാഷകനില്‍ നിന്ന് മൂന്നുകോടി രൂപയും ജോണിയില്‍ നിന്ന് രണ്ടരക്കോടിയും വസ്തു ഇടപാടിനായി കൈപ്പറ്റിയതായി പറയുന്നു. പണം നല്‍കിയതിന്റെ രേഖകള്‍ ഇരുവരും രാജീവില്‍ നിന്ന് വാങ്ങിയിരുന്നില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ പണം വാങ്ങിയതിനുള്ള രേഖകളോ നല്കാന് രാജീവ് തയാറായില്ലെന്ന് പറയപ്പെടുന്നു. ഇതുസംബന്ധിച്ച് നിരവധിതവണ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും അല്ലാതെയും രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും രാജീവ് തയാറായില്ല. തുടര്‍ന്ന് രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന് ക്വട്ടേഷന്‍ നല്കി. ഇതിന്റെ ഭാഗമായി ഷാജുവും സംഘവും പരിയാരത്തെ തവളപ്പാറയില്‍ രാജീവിന്റെ തോട്ടത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. കൃത്യം നടന്ന ദിവസം ഷാജുവും സംഘവും രാജീവിന്റെ തോട്ടത്തിലെത്തി. രേഖകള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. തുടര്‍ന്ന് മര്‍ദിച്ചവശനാക്കിയശേഷം കൈകാലുകളും വായയും വരിഞ്ഞുകെട്ടി ഓട്ടോറിക്ഷയില്‍ വാടകവീട്ടിലേക്ക് കൊണ്ടുപോയി. പിടിവലിക്കിടയില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ രാജീവിന്റെ സ്കൂട്ടര്‍ മറിഞ്ഞുകിടക്കുന്നത് കണ്ട് രാജീവിന്റെ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മകന് അഖിലാണ് പൊലിസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്. കൈകള്‍ രണ്ടും മുന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. തലയില്‍ ഒരു മുറിവും കാണപ്പെട്ടു. എന്നാല്‍, മരണകാരണം തലയിലെ മുറിവല്ലെന്നും ശ്വാസം ലഭിക്കാതെയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, കേസില്‍ അറസ്റ്റിലായ മുരിങ്ങൂര്‍ സ്വദേശി രാജന്, ആറ്റപ്പാടം സ്വദേശി ഷൈജു, പരുമ്പി സ്വദേശി സത്യന്, ചാലക്കുടി സ്വദേശി സുനില്‍ എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ചാലക്കുടി മജിസ്ട്രേറ്റ് അവധിയായതിനാല്‍ കുന്ദംകുളം മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. ചക്കര ജോണിയുടെ അങ്കമാലിയിലെ വീട്ടില്‍ പൊലിസ് ഇന്നലെ റെയ്ഡ് നടത്തി. റെയ്ഡില്‍ പാസ്പോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."