അലിഗഡ് വി.സി നിയമന നടപടിക്രമം മാറ്റിയേക്കും മെഡിക്കല്‍ പ്രവേശനം നീറ്റ് മുഖേനയാക്കും
ന്യൂഡല്‍ഹി: അലിഗഡ് മുസ്്‌ലിം സര്‍വകലാശാലയുടെ വി.സി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ മാറ്റുന്നു. യു.ജി.സിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ അലിഗഡ് വി.സി നിയമനത്തിനുള്ള അധികാരം ഇനിമുതല്‍ മറ്റുകേന്ദ്രസര്‍വകലാശാലകളിലേതു പോലെ സര്‍ക്കാരില്‍ നിക്ഷിപ്തമാകും. മറ്റുകേന്ദ്രസര്‍വകലാശാലകളിലെ നിയമനം പോലെ അലിഗഡിന്റെ വി.സി നിയമന പ്രക്രിയയും മാറ്റണമെന്നാണ് യു.ജി.സി നിയമിച്ച സമിതി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്. ദേശീയതലത്തിലുള്ള ഏകീകൃത പൊതുപ്രവേശനം (നീറ്റ്) മുഖേനയാവണം അലിഗഡിലെ മെഡിക്കല്‍ പ്രവേശനമെന്നും സമിതി ശുപാര്‍ശചെയ്തു. രാജ്യത്തെ പത്തു കേന്ദ്രസര്‍വകലാശാലകള്‍ക്കെതിരേ ഉയര്‍ന്ന സാമ്പത്തിക, ഭരണക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ യു.ജി.സി നിയമിച്ച സമിതിയാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശചെയ്തത്.
മറ്റുകേന്ദ്രസര്‍വകലാശാലകളില്‍ നിന്നു വ്യത്യസ്തമാണ് അലിഗഡ് വി.സി നിയമനം.
വി.സി സ്ഥാനത്തേക്ക് അലിഗഡ് സര്‍വകലാശാലാ നിര്‍വാഹകസമിതി അഞ്ചുപേരടങ്ങുന്ന ചുരുക്കപ്പട്ടിക തയാറാക്കും. പിന്നീട് സര്‍വകലാശാലാ ഭരണസമിതിയായ അലിഗഡ് കോര്‍ട്ട് ഇത് മൂന്നുപേരായി ചുരുക്കി കേന്ദ്ര മാനവവിഭശേഷിമന്ത്രാലയത്തിനു കൈമാറും. മന്ത്രാലയം ഇവ രാഷ്ട്രപതിക്കു അയക്കും. രാഷ്ട്രപതി പേര് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുന്നതാണ് നിലവിലെ നടപടിക്രമം.
നിലവില്‍ സര്‍വകലാശാലയ്ക്കു കീഴില്‍ നിരവധി സ്‌കൂളുകള്‍ ഉണ്ട്. അവയില്‍ നിന്നു പഠനംപൂര്‍ത്തിയാക്കുന്ന മിക്ക വിദ്യാര്‍ഥികളും സര്‍വകലാശാലയില്‍ തന്നെ പ്രവേശനം നേടുകയാണ് പതിവ്. പിന്നീട് അവരില്‍ പലരും അവിടെ തന്നെ അധ്യാപകരും ആകാറുണ്ട്. ഇത് സര്‍വകലാശാലയുടെ 'വൈവിധ്യം' ഇല്ലാതാക്കുമെന്നും രാജ്യത്തുടനീളമുള്ള എല്ലാവിഭാഗം വിദ്യാര്‍ഥികള്‍ക്കും അലിഗഡില്‍ പഠനത്തിന് അവസരം ലഭിക്കേണ്ടതുണ്ടെന്നും സമിതിയിലെ ഒരംഗം പറഞ്ഞു. സര്‍വകലാശാലാ നിയമനത്തിലും പ്രവേശനത്തിലും സ്ഥാനക്കയറ്റത്തിലും നിരവധി ക്രമക്കേടുകള്‍ ഉള്ളതായും സമിതിയുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മൊത്തം 15 നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചത്.അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നതിനിടെയാണ്, സര്‍വകലാശാലയുടെ സവിശേഷാധികാരം ഉപയോഗിച്ചുള്ള വി.സി നിയമനത്തിലും സര്‍ക്കാര്‍ ഇടപെടുന്നത്. ന്യൂനപക്ഷപദവി സംബന്ധിച്ച കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."