സഊദിയില്‍ വനിതാ ഡ്രൈവിങ് പഠന കോഴ്‌സിനൊരുങ്ങി പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി
റിയാദ്: സഊദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനായി പ്രത്യേക സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി. ഇതിന്റെ പ്രാംരംഭ നടപടികള്‍ ആരംഭിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. പ്രത്യേക ഏജന്‍സികളുമായി സഹകരിച്ചാണ് വനിതാ ഡ്രൈവിങ് പരിശീലനം നല്‍കുക. ഏകദേശം അറുപതിനായിരത്തോളം വനിതകളാണ് പ്രിന്‍സസ് നൂറ സര്‍വകലാശാലയില്‍ പഠനം നടത്തുന്നത്.
വനിതാ ഡ്രൈവിങ് അനുമതി നല്‍കിയ ശേഷം ഇതാദ്യമായാണ് ഒരു സ്ഥാപനം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേക സംവിധാനം ഉപയോഗപ്പെടുത്തുമെന്നു പ്രഖ്യാപിക്കുന്നത്. ജോര്‍ദാന്‍, സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും വനിതാ പരിശീലകരെ കൊണ്ടു വരാന്‍ ശ്രമിക്കുമെന്നു സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിലെ ഡ്രൈവിങ് സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് മഖ്ഫൂര്‍ ആലു ബിശ്ര്‍ പറഞ്ഞു.
വനിത ഡ്രൈവിങ് അനുവദിച്ചതിനു പിന്നാലെ സ്ത്രീകള്‍ക്ക് വാഹനം അടവിന് നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. വാഹനം വാങ്ങാനായി ഇവര്‍ക്ക് സഹായ ധനം നല്‍കാന്‍ തയ്യാറാണെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത് . കൂടാതെ, വിവിധ വാഹന നിര്‍മ്മാണ കമ്പനികളും സഊദി രാജാവിന്റെ പുതിയ ചരിത്ര പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു രംഗത്തെത്തി.
അതേസമയം, ആറായിരത്തിലധികം സഊദി വനിതകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. ജോര്‍ദാനില്‍ നിന്ന് മാത്രമായി 1470 സഊദി വനിതകള്‍ ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലൈസന്‍സ് കരസ്ഥമാക്കിയത് ബഹറിനില്‍ നിന്നുമാണ്. കൂടാതെ ദുബായ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും സഊദി വനിതകള്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. അടുത്ത വര്‍ഷം ജൂണിലാണ് വനിത ഡ്രൈവിങ് നിയമം പ്രാബല്യത്തില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."