കേരളത്തിനെതിരേ വീണ്ടും ബി.ജെ.പി നേതാക്കള്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സി.പി.എം- ബി.ജെ.പി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുള്ള വാക്‌പോരുകള്‍ തുടരുന്നു. കേരളത്തില്‍ ആക്രമണം അഴിച്ചുവിടുന്ന സി.പി.എം പ്രവര്‍ത്തകരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും സംസ്ഥാനത്തു നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ആരോപിച്ചു.
കേരളത്തില്‍ നടക്കുന്ന ജനരക്ഷായാത്രയെക്കുറിച്ച് വിശദീകരിക്കാനായി ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുകയാണ്. കേരളത്തില്‍ സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് എന്നല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റ് എന്നാണ്. അവര്‍ സംഘര്‍ഷങ്ങളില്‍ വിശ്വസിക്കുന്നു.
ആക്രമണമാണ് അവരുടെ വഴി. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരില്‍ മാത്രം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18ലേറെ കൊലപാതകങ്ങള്‍ നടന്നു.
കൊലപാതകങ്ങള്‍ നടത്തുന്നവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പ്രതികള്‍ക്കെതിരേ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാവ്‌ദേക്കറുടെ പ്രസ്താവനക്കു മറുപടിയുമായി ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. അക്രമങ്ങള്‍ നടത്തുന്നവര്‍ ഇതുമറച്ചുവയ്ക്കാന്‍ മറ്റുള്ളവര്‍ക്കുമേല്‍ കെട്ടിവയ്ക്കുകയാണെന്ന് പിണറായി ആരോപിച്ചു.
തങ്ങള്‍ ഉദ്ദേശിച്ച അജന്‍ഡ കേരളത്തില്‍ നടപ്പാക്കാനാവാത്തതിലുള്ള വിഷമമാണ് ആര്‍.എസ്.എസിനുള്ളത്. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കേരളത്തെ കീഴ്‌പ്പെടുത്താനാവില്ല.
മതനിരപേക്ഷതയില്‍ കേരളം ഉറച്ചുനില്‍ക്കുകയാണ്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവത് സംസാരിച്ചതിന്റെ ബാക്കിയായാണ് ജാവ്‌ദേക്കറുടെ പ്രതികരണത്തെ കാണേണ്ടത്.
ആര്‍.എസ്.എസ് പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥനാണെന്ന മട്ടിലാണ് ജാവ്‌ദേക്കറുടെ ആരോപണം.
ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ പ്രതികരണങ്ങള്‍ കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുനിന്ന് വരുന്നത് ഔചിത്യമുള്ള കാര്യമല്ല. കണ്ണൂരിലെ യഥാര്‍ഥ വസ്തുത മനസിലാക്കാന്‍ കേന്ദ്രമന്ത്രി തയാറാകണമായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം തന്റെ മണ്ഡലത്തില്‍ നടന്ന ആഘോഷപരിപാടിക്കിടെ ഒരു സി.പി.എം പ്രവര്‍ത്തകനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. ജനരക്ഷാ യാത്രയുടെ ഭാഗമായി പിണറായിയിലൂടെ ബി.ജെ.പി അധ്യക്ഷന്‍ നടക്കുമ്പോള്‍ ഇക്കാര്യം അന്വേഷിക്കുന്നത് നല്ലതാണ്.
കൊല്ലപ്പെട്ട മറ്റൊരു സി.പി.എം പ്രവര്‍ത്തകനായ മോഹനന്റെ ചരമവാര്‍ഷികം ഈ മാസം പത്തിനാണ്. കേരളത്തിലെത്തുന്ന അമിത്ഷായോട് ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്രമന്ത്രി പറയുന്നത് നല്ലതായിരിക്കും. അമിത്ഷായുടെ പ്രചാരണപരിപാടി ആരംഭിക്കുന്ന പയ്യന്നൂരിലാണ് ധന്‍രാജ് എന്ന സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്നത് ആര്‍.എസ്.എസ് ആണെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. 1970ന് ശേഷം നടന്ന 967 രാഷ്ട്രീയ കൊലപാതകങ്ങളിലായി 527 സി.പി.എം പ്രവര്‍ത്തകരും 185 ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം 13 സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. സ്‌കൂള്‍ വിദ്യാര്‍ഥിയും എട്ടുവയസുള്ള ബാലനും ഉള്‍പ്പെടെയാണിത്. ദേശീയതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ഇത്തരത്തിലുള്ള പ്രചാരവേല നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."