ഗൗരി ലങ്കേഷ് വധം മോദിയുടെ മൗനം അഭിനയമെന്ന് പ്രകാശ് രാജ്
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം അലയടിക്കവെ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്.
ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അറിയപ്പെടുന്ന ഒരു നടനാണ്. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തന്നേക്കാള്‍ മികച്ച നടനാണ് പ്രധാനമന്ത്രിയെന്ന് പ്രകാശ് രാജ് ആരോപിച്ചു.
ഗൗരിയുടെ കൊലപാതകത്തെ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുകയാണ്. അത്തരക്കാരുടെ ആശയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അവരില്‍ ചിലര്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. ഡി.വൈ.എഫ്.ഐയുടെ 11ാം സംസ്ഥാന സമ്മേളനം ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
അനുയായികളുടെ പ്രവര്‍ത്തനത്തില്‍ മോദി കണ്ണടക്കുകയാണ്. ഇത് കാണുമ്പോള്‍ തന്നേക്കാള്‍ വലിയ അഭിനേതാവായിട്ടാണ് മോദിയെ താന്‍ കാണുന്നത്. ഞാനൊരു നല്ല നടനാണ്. എന്നാല്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും നിങ്ങളുടെ അഭിനയം താന്‍ കണ്ടുപിടിക്കില്ലെന്ന്. എന്നാല്‍ താങ്കളുടേത് അഭിനയമാണോ അല്ലയോ എന്ന സത്യം തിരിച്ചറിയില്ലെന്നാണോ താങ്കള്‍ കരുതുന്നത്. മൗനം തുടരുകയാണെങ്കില്‍ തനിക്ക് ലഭിച്ച അവാര്‍ഡുകളെല്ലാം തിരികെ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഗൗരിയുടെ കൊലപാതകത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്യാന്‍ പൊലിസിനായിട്ടില്ല. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ അതോ ക്ഷേത്ര പൂജാരിയാണോ എന്ന് വ്യക്തമാകുന്നില്ല. ഇതേ രീതിയില്‍ നമ്മുടെ ഇടയില്‍ ഇരട്ട വേഷം കെട്ടുന്നവരായി ചിലരുണ്ട്. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകുന്നില്ല. ഗൗരി ലങ്കേഷിനെപോലുള്ളവരെ കൊലപ്പെടുത്തുന്ന അസഹിഷ്ണുത രാജ്യത്തിന്റെ ഭാവിക്ക് അപകടം വരുത്തുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും 35 വര്‍ഷമായി ഗൗരിയെ തനിക്ക് അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."