സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ; 90 ശതമാനം പേര്‍ പിന്തുണച്ചെന്ന് പ്രാദേശിക ഭരണകൂടം
മാഡ്രിഡ്: സ്‌പെയിനിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കാറ്റലോണിയ പ്രാദേശിക ഭരണകൂടം മുന്നോട്ട്. കാറ്റലോണിയയെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനു കഴിഞ്ഞ ദിവസം നടത്തിയ ഹിതപരിശോധനയില്‍ നീക്കത്തെ 90 ശതമാനം പേര്‍ പിന്തുണച്ചതായി പ്രാദേശിക ഭരണകൂടം അവകാശപ്പെട്ടു.
ശക്തമായ സംഘര്‍ഷങ്ങള്‍ക്കിടെയായിരുന്നു കഴിഞ്ഞ ദിവസം ഹിതപരിശോധന നടന്നത്. സ്‌പെയിന്‍ ഭരണകൂടം ഹിതപരിശോധനയ്‌ക്കെതിരേ ശക്തമായ പൊലിസ് ബന്തവസൊരുക്കിയെങ്കിലും ഇതിനിടയിലും 2.26 മില്യന്‍ ജനങ്ങള്‍ വോട്ടുചെയ്‌തെന്നും അതില്‍ 90 ശതമാനം പേര്‍ സ്വതന്ത്ര രാജ്യമെന്ന ആശയത്തെ പിന്തുണച്ചെന്നുമാണ് കാറ്റലോണിയയുടെ പ്രാദേശിക ഭരണകൂടം അവകാശപ്പെടുന്നത്.
കാറ്റലോണിയയിലെ ജനങ്ങളില്‍ 42 ശതമാനം പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. ഹിതപരിശോധനാ ഫലം പുറത്തുവിട്ടതിനു പിന്നാലെ ബാഴ്‌സലോണയില്‍ കൂറ്റന്‍ ആഹ്ലാദപ്രകടനവും നടന്നു.
ഹിതപരിശോധനാ ഫലം അടുത്ത ദിവസംതന്നെ കാറ്റലന്‍ പാര്‍ലമെന്റിനു മുന്നില്‍വയ്ക്കുമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍, ഇതടക്കമുള്ള കാറ്റലോണിയയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് സ്‌പെയിന്‍. സ്‌പെയിനിലെ പരമോന്നത കോടതിയുടെയും സര്‍ക്കാരിന്റെയും വിലക്ക് മറികടന്നായിരുന്നു കഴിഞ്ഞ ദിവസം ഹിതപരിശോധന നടത്തിയത്.
അതിനിടെ, ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടന്ന പൊലിസ് നടപടികളില്‍ എണ്ണൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സ്‌പെയിനിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് കാറ്റലോണിയ. ഈ സാഹചര്യത്തില്‍ സ്‌പെയിനില്‍നിന്നു മാറി കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമാകുന്നത് സ്‌പെയിനിനു കനത്ത തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."