വ്യാജ നിയമന ഉത്തരവ് നല്‍കി പണം തട്ടല്‍; ബി.ജെ.പി.നേതാവും കംപ്യൂട്ടര്‍ സെന്റര്‍ ജീവനക്കാരിയും അറസ്റ്റില്‍
കിളിമാനൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും മറ്റും വ്യാജ നിയമന ഉത്തരവ് നല്‍കി നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ കിളിമാനൂരിലെ പ്രമുഖ ബി.ജെ.പി നേതാവിനെയും ഇയാളുടെ കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയെയും പൊലിസ് അറസ്റ്റ് ചെയ്തു. പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിലെ മുന്‍ മെമ്പറും ബി.ജെ.പി ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലം മുന്‍ പ്രസിഡന്റുമായ കാരേറ്റ് ആറാംന്താനം ചിറ്റേടത്ത് വീട്ടില്‍ ശിവപ്രസാദ് (49) ഇയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാരേറ്റുള്ള വിസ്മയ കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരി കാരേറ്റ് കരുവള്ളിയാട് രഞ്ജു ഭവനില്‍ രേഷ്മ വിജയന്‍ (21) എന്നിവരെയാണ് കിളിമാനൂര്‍ സി.ഐ.പ്രദീപ് കുമാര്‍, കിളിമാനൂര്‍ എസ് .ഐ.ബൈജു എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ കേസിലെ മൂന്നും നാലും പ്രതികളാണ്. രണ്ടാം പ്രതിയെ പിടികൂടാനുണ്ട്. ഇയാളാണ് ഇതിനായി വ്യാജ സീലുകള്‍ നിര്‍മിച്ചു നല്‍കിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാമനപുരം നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും പിടിയിലായ ശിവപ്രസാദ് മത്സരിച്ചിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി കാരേറ്റ് പേടികുളം അഭയം വീട്ടില്‍ എം.വി.അഭിജിത്തി (22 )നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചിലര്‍ക്ക് നിയമന ഉത്തരവ് വ്യാജമായി നിര്‍മിച്ച് നല്‍കി പണം വാങ്ങിയിരുന്നു. തട്ടിപ്പിനിരയായ കല്ലറ പഴചന്ത ശ്രീശൈലത്തില്‍ ബി.എസ്.അരുണ്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രധാന പ്രതിയായ അഭിജിത്തിനെ പിടികൂടിയത്. പരാതിക്കാരനായ അരുണിന് 23000-32000 ശമ്പള സ്‌കെയിലില്‍ ചെങ്ങന്നൂര്‍ ഗവ.എച്ച്.എച്ച്.എസിലാണ് ക്ലറിക്കല്‍ പോസ്റ്റില്‍ നിയമന ഉത്തരവ് നല്‍കിയത് . 12000 രൂപയാണ് അരുണിന്റെ പക്കല്‍ നിന്ന് വാങ്ങിയത്. നിരവധി പേര്‍ പരാതിയുമായി പൊലിസില്‍ എത്തുകയും ചെയ്തു.
അഭിജിത്തിന്റെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ വ്യാജമായി ഇത്തരത്തില്‍ നിര്‍മിച്ച നിരവധി രേഖകളും പലരില്‍ നിന്ന് വാങ്ങിയ ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തു. നിരവധി പേരില്‍ നിന്നും 7500 മുതല്‍ 12000 രൂപ വരെയാണ് വാങ്ങിയിട്ടുള്ളത്. ഇയാള്‍ നല്‍കിയ നിയമന ഉത്തരവുകളും മറ്റും ശിവപ്രസാദിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ കംപ്യൂട്ടര്‍ സെന്ററിലാണ് തയാറാക്കിയതെന്ന് പൊലിസ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇവരും പ്രതികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."