കൈകോര്‍ക്കാം പ്രകൃതിക്കായ്
ആരാണ് പ്രകൃതിയുടെ സംരക്ഷകര്‍? ആരാണ് പ്രകൃതിയെ നശിപ്പിക്കുന്നവര്‍... രണ്ടി നും ഉത്തരം ഒന്നുതന്നെ. മനുഷ്യര്‍. പ്രകൃതി അമ്മയാണ്. അതിനെ വഞ്ചിക്കരുത് എന്ന് പുസ്തകങ്ങളില്‍ ഒതുങ്ങിപ്പോയ ആശയങ്ങളാണിന്ന്. അത് പ്രയോഗവല്‍ക്കരിക്കാന്‍ നമുക്കു സാധിക്കാതെ വരുമ്പോഴാണ് പ്രകൃതിയുടെ അന്തകരായി മനുഷ്യര്‍ മാറുന്നത്.
'നമ്മുടെ ആവശ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടി ഒരു മരം മുറിച്ചാല്‍ പത്തു മരങ്ങള്‍ വച്ചുപിടിപ്പിക്കണം' എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. എന്നാല്‍ പുതു തലമുറ ഇനി വരുന്ന തലമുറയ്ക്കു വേണ്ടി എന്തു കാത്തുവയ്ക്കുമെന്ന ചോദ്യമാണ് പ്രസക്തമാകേണ്ടത്. വനങ്ങളില്‍ പലതും ഇന്ന് വിസ്മൃതിയിലായി, പൂര്‍വികര്‍ ജീവിച്ചതുപോലെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ഇന്ന് സാധിക്കുന്നില്ല.
അവര്‍ പ്രകൃതിയെ ആസ്വദിച്ചതുപോലെ നമുക്ക് ആസ്വദിക്കാനും കഴിയുന്നില്ല. വന്യജീവികളുടെ അഭയകേന്ദ്രമായ വനങ്ങളെ നശിപ്പിച്ച്, മരങ്ങളെ ഇല്ലാതാക്കി കെട്ടിടവും ഫാക്ടറികളും നിര്‍മിക്കപ്പെട്ടു. പ്രകൃതി നശീകരണത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും നിശബ്ദരാകുന്നു നമ്മള്‍. സുനാമിയും ഭൂകമ്പവും വന്യജീവികള്‍ നാട്ടിലിറങ്ങുന്നതുമെല്ലാം പ്രകൃതിനശീകരണത്തിന്റെ ഹേതുവാണ്.
പ്രകൃതിസംരക്ഷണം;ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രകൃതിയെയും ഭൂമിയെയും മലിനമാകാതെ നമുക്ക് സംരക്ഷിക്കാം. മനുഷ്യന്റെ ആവാസ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പ്രകൃതി നശീകരണത്തില്‍ നിന്ന് നമുക്കു രക്ഷപ്പെടാം.
കംപോസ്റ്റ് കുഴികള്‍
കേവലം മാലിന്യനിര്‍മാര്‍ജനം മാത്രമല്ല കംപോസ്റ്റ് കുഴികള്‍ നിര്‍മിക്കുന്നതിലൂടെ സാധ്യമാകുന്നത്. നമ്മള്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ വളമായി മാറുകയും അതുവഴി മണ്ണിനു ഫലഭൂയിഷ്ടത ലഭിക്കുകയും ചെയ്യുന്നു. പച്ചക്കറികള്‍ മാത്രമല്ല, കാപ്പിക്കുരു, മുട്ടത്തോട് തുടങ്ങിയവയെല്ലാം കംപോസ്റ്റില്‍ നിക്ഷേപിക്കാം. ഇതുവഴി മാലിന്യം കുറച്ച് മണ്ണിനെ സമ്പുഷ്ടമാക്കി ഭൂമിയെ സംരക്ഷിക്കാം.
പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കുക
സാധനം വാങ്ങാന്‍ വേണ്ടി കടകളില്‍ പോകുമ്പോള്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കാം. അവിടെനിന്നു നിശ്ചിത മൈക്രോണില്‍ താഴെയുള്ള കവറുകള്‍ നല്‍കുക. പായ്ക്കറ്റിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങണമെന്നുണ്ടെങ്കില്‍ അതിനെ റീസൈക്കിള്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തുക. ഉപയോഗത്തിനു ശേഷം മണ്ണിലേക്കു വലിച്ചെറിയാതിരിക്കുക. പുറത്തു പോകുമ്പോള്‍ കടലാസ് ബാഗുകള്‍ കൊണ്ടുപോകുക. ഷോപ്പിങ്ങിനു വേണ്ടി ഒരു കടലാസ് ബാഗ് കൈയില്‍ കരുതുകയാണെങ്കില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒരുപരിധിവരെ കുറയ്ക്കാം.
വാഹനങ്ങള്‍ അത്യാവശ്യത്തിന്
അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണം വര്‍ധിച്ചുവരുന്ന വാഹന ഉപയോഗം തന്നെയാണ്. കഴിയുമെങ്കില്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുക. കാല്‍നട യാത്ര, സൈക്കിള്‍, പൊതുഗതാഗതം ഉപയോഗിക്കുക എന്നിവ ചെയ്താല്‍ അന്തരീക്ഷ മലിനീകരണം തടയാം.
നദീജല സംരംക്ഷണം
കേരളത്തിലെ ഒട്ടുമിക്ക നദികളും നിലനില്‍പ്പു ഭീഷണി നേരിടുകയാണ്. വൃഷ്ടിപ്രദേശത്തിന്റെ വ്യാപകമായ നശീകരണം, കൈയേറ്റങ്ങള്‍, മണല്‍ക്കൊള്ള, നഗരമാലിന്യങ്ങള്‍, അറവു മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, വ്യവസായ മാലിന്യങ്ങള്‍ ഇതെല്ലാം ബോധപൂര്‍വം നിക്ഷേപിച്ച് കുടിവെള്ളത്തെ ഇല്ലാതാക്കാനുള്ള വ്യാപകമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ അധികാരങ്ങള്‍ ഉപയോഗിച്ച് ഇവയെ ശക്തമായി എതിര്‍ത്താല്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടക്കഥകള്‍ ഇനി കേള്‍ക്കേണ്ടി വരില്ല.
ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉപയോഗം
കംപ്യൂട്ടര്‍, ടി.വി മുതലായ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം രാത്രികാലങ്ങളില്‍ കുറയ്ക്കുകയാണെങ്കില്‍ പണവും ഊര്‍ജവും ഒരുപോലെ ലാഭിക്കാം. ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പുനരുപയോഗിക്കുക. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പഴയത് വലിച്ചെറിയാതെ റീസൈക്കിള്‍ ചെയ്യുന്ന ഏതെങ്കിലും കമ്പനിക്ക് നല്‍കുക.
ഫ്രിഡ്ജിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ പിറകില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യമായ ലൈറ്റുകള്‍ ഒഴിവാക്കി കൂടുതല്‍ വെളിച്ചവും കുറഞ്ഞ വൈദ്യുതി ഉപയോഗവും മതിയാകുന്ന ബള്‍ബുകള്‍ ഉപയോഗിക്കുക.
റീസൈക്കിള്‍
പുനരുപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുക. പ്രത്യേകിച്ച് പേപ്പര്‍, പ്ലാസ്റ്റിക് തുടങ്ങിയവ വീട്ടില്‍ നിന്നും പരിസരത്തു നിന്നും ശേഖരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുക.
മരങ്ങളെ മറക്കരുത്
ഗാന്ധിജി പറഞ്ഞതു പോലെ ഒരു മരം മുറിക്കുമ്പോള്‍ പത്ത് തൈകള്‍ വയ്ക്കണമെന്ന സാരം പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു തൈ എങ്കിലും നടുക. പ്രകൃതിദിനം, പരിസ്ഥിതി ദിനം, ഇതുമായി ബന്ധപ്പെട്ട മറ്റു ദിനങ്ങള്‍ കടന്നുവരുമ്പോള്‍ മാത്രം തൈകള്‍ നട്ട് ആചരിക്കുന്ന സമ്പ്രദായത്തിനപ്പുറം നട്ട തൈകളുടെ സംരക്ഷണം തന്നെയാണ് പ്രധാനം. പ്രകൃതിക്ക് കാവലിരിക്കേണ്ട മനുഷ്യന്‍ അതിന്റെ അന്തകനായി മാറുമ്പോള്‍ മനുഷ്യന്റെ ആവാസവ്യവസ്ഥയെ അത് തകിടം മറിക്കുന്ന കാലം വിദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."