ധീര ചരിതങ്ങള്‍
മുഗളന്മാരുടെ വരവ്
1526ല്‍ ബാബറുടെ നേതൃത്വത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയ ഒന്നാം പാനിപ്പത്ത് യുദ്ധമാണ് ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്വത്തിന് അടിത്തറയിടുന്നത്. 1600 ആകുമ്പോഴേക്കും മുഗള്‍ സാമ്രാജ്യം ഇന്ത്യയുടെ പല ഭാഗങ്ങളും കീഴ്‌പ്പെടുത്തിയിരുന്നു. മുഗളന്മാരുടെ ഭരണം ഇന്ത്യയില്‍ ധാരാളം സാമൂഹിക-സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തെ സഹവര്‍ത്തിത്തത്തോടെ കാണാനും അവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും മുഗള്‍ ചക്രവര്‍ത്തിമാര്‍ ശ്രദ്ധാലുക്കളായി.
ഹിന്ദു സംസ്‌കാരത്തെ മുറിപ്പെടുത്തുന്ന യാതൊരു നീക്കവും ഇവരില്‍നിന്ന് ഉണ്ടായില്ല. അക്ബര്‍ ചക്രവര്‍ത്തി അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു. അതുവരെ അമുസ്‌ലിംകള്‍ക്കു മീതെ ചുമത്തിയിരുന്ന 'ജിസ്‌യാ' നികുതി എടുത്തുകളഞ്ഞത് അക്ബറാണ്. ഇന്ത്യന്‍ വാസ്തുശില്‍പ കലയില്‍ പേര്‍ഷ്യന്‍ ശില്‍പചാരുതി ഉള്‍ക്കൊള്ളിക്കാന്‍ അക്ബര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ത്യന്‍ വാസ്തുശില്‍പ കലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അങ്ങനെ മുഗളന്മാര്‍ക്ക് കഴിഞ്ഞു. താജ്മഹല്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
വാസ്‌കോ ഡി ഗാമയുടെ കടന്നുവരവ്
ഇന്ത്യയുടെ പ്രകൃതി മനോഹാരിതയും സമ്പത്തും എക്കാലത്തും വിദേശികളെ ആകര്‍ഷിച്ചിരുന്ന ഘടകമാണ്. ഇവിടുത്തെ സുഗന്ധദ്രവ്യങ്ങളും മറ്റും വിദേശത്തേക്കു കടത്താന്‍ വേണ്ടിയാണ് പല രാജ്യക്കാരും ഇങ്ങോട്ടു വന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അറബ് രാജ്യങ്ങള്‍ ഇന്ത്യയുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നതും ഇതേ കാരണത്താലാണ്. എങ്കിലും കടല്‍ മാര്‍ഗമുള്ള ഇന്ത്യയിലേക്ക് വഴി കണ്ടുപിടിക്കുക എന്ന ദൗത്യം നിറവേറ്റിയത് 1498ല്‍ പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോ ഡി ഗാമയാണ്. ഈ സംഭവം ഇന്ത്യയുടെ ചരിത്രഗതിതന്നെ മാറ്റിയെഴുതി. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു കടല്‍മാര്‍ഗം കണ്ടുപിടിച്ചതോടെ പല വൈദേശിക രും ഇവിടേക്ക് ഒഴുകാന്‍ തുടങ്ങി. ഡച്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം അങ്ങനെയാണ് ഇന്ത്യയില്‍ എത്തിപ്പെടുന്നത്.
വാസ്‌കോ ഡി ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയതോടെ ഇന്ത്യയുമായി വാണിജ്യബന്ധം സാധ്യമായി. ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ ആദ്യമായി വാണിജ്യ കേന്ദ്രം സ്ഥാപിച്ചു. ബോംബെയിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കു ശേഷമാണ് ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലെത്തുന്നത്. 1619ല്‍ സൂറത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ വാണിജ്യകേന്ദ്രം.
പല രാജ്യക്കാര്‍ ഇന്ത്യയില്‍ വാണിജ്യാവശ്യാര്‍ഥം എത്തിപ്പെട്ടതോടെ അവര്‍ തമ്മിലുള്ള കിടമത്സരവും യുദ്ധങ്ങളും സജീവമായി. എന്നാല്‍, ഇന്ത്യന്‍ നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള ശത്രുതയും മത്സരവും വിദേശികള്‍ക്ക് ഏറെ സഹായകമായി. ഇതാണ് ഇന്ത്യയുടെ പല ഭാഗങ്ങളും ആധിപത്യം സ്ഥാപിക്കാന്‍ വിദേശികള്‍ക്ക് തുണയായത്. പതിനേഴാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഇന്ത്യയുടെ പല ഭാഗങ്ങളും വിദേശികളുടെ കാല്‍ചുവട്ടിലായി. പതിയെ ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും നിഷ്‌കാസിതരായെങ്കിലും ബ്രിട്ടീഷുകാരുടെ ആയുധശേഷിയും ഭരണ തന്ത്രജ്ഞതയും അവരെ ഇന്ത്യയുടെ അധിപന്മാരാക്കി മാറ്റി.
1857ലെ വിപ്ലവം
ബ്രിട്ടീഷുകാര്‍ ശിപായി ലഹളയെന്ന് പരിഹസിച്ച് അടിച്ചമര്‍ത്തിയ 1857ലെ വിപ്ലവം വൈദേശികാധിപത്യത്തിനെതിരേയുള്ള സമരകാഹളമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായാണ് 1857ലെ വിപ്ലവം അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ പട്ടാളക്കാര്‍, കമ്പനിയുടെ കിരാത നിയമങ്ങള്‍ക്കെതിരേ നടത്തിയ ഈ പോരാട്ടം ഇന്ത്യന്‍ ജനതയുടെ അകമഴിഞ്ഞ പിന്തുണകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. 1857ല്‍ മീറത്തിലായിരുന്നു കലാപത്തിന്റെ തുടക്കം. മെയ് 10ന് ആരംഭിച്ച കലാപം ഇന്ത്യയൊട്ടാകെ വ്യാപിക്കുകയാണുണ്ടായത്.
ത്സാന്‍സി റാണി, താന്തിയാ തോപ്പി, നാനാ സാഹിബ് എന്നീ ധീരദേശാഭിമാനികളാണ് 1857ലെ വിപ്ലവത്തിനു നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം കെടുത്തിയ ഈ വിപ്ലവമുന്നേറ്റം ആയുധംകൊണ്ടും ആള്‍ബലംകൊണ്ടും ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി. ഇന്ത്യയില്‍ നേരിട്ടുള്ള ഭരണമെന്ന പരിഷ്‌കാരം ഈ മുന്നേറ്റത്തോടു കൂടിയാണ് നടപ്പില്‍ വരുന്നത്. മാത്രവുമല്ല, ബ്രിട്ടീഷ് ആധിപത്യത്തിനു കീഴില്‍നിന്നു ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ചിന്ത ഇന്ത്യന്‍ ജനതയില്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമായ ആദ്യ സ്വാതന്ത്ര്യസമര പോരാട്ടം കൂടിയായിരുന്നു ഇത്.
ക്വിറ്റ് ഇന്ത്യാ സമരം
1942 ഓഗസ്റ്റ് എട്ട്, ഇന്ത്യയില്‍നിന്നു ബ്രിട്ടീഷുകാരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമായിരുന്നു അത്. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസിന്റെ മുംബൈ സെക്ഷനില്‍ വച്ചാണ് ഇങ്ങനെയൊരു പ്രമേയം പാസാകുന്നത്. എത്രയും പെട്ടെന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുക എന്ന ഗാന്ധിജിയുടെ ആഹ്വാനം ക്വിറ്റ് ഇന്ത്യാ സമരത്തിനു പ്രചോദനമായി.
ഈ പ്രക്ഷോഭസമരത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കുചേര്‍ന്നു. അധ്യാപകരോട് സ്‌കൂളുകള്‍ വിട്ട് പുറത്തിറങ്ങാനും സമരത്തില്‍ ഭാഗവാക്കാകാനും ഗാന്ധിജി ആഹ്വാനം ചെയ്തു. ആഹ്വാനങ്ങളെ ബ്രിട്ടീഷുകാര്‍ അധികാരത്തിന്റെ എല്ലാവിധ സന്നാഹങ്ങളും ഉപയോഗപ്പെടുത്തി നേരിട്ടു. സമരത്തില്‍ പങ്കുകൊണ്ട നേതാക്കന്മാരെ അവര്‍ ജയിലിലടച്ചു. ഇന്ത്യയെ അധികകാലം തങ്ങളുടെ ഇംഗിതത്തിനു കീഴില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് ബോധ്യപ്പെട്ട ഒരു സമരമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം.
ദണ്ഡി മാര്‍ച്ച്
ബ്രിട്ടീഷുകാര്‍ക്കെതിരേ അസാധാരണമായ ചില സമരമുറകളാണ് ഗാന്ധിജി സ്വീകരിച്ചിരുന്നത്. അതില്‍ പ്രധാനമായിരുന്നു അഹിംസാ സിദ്ധാന്തം. ചോര ചിന്താതെ തന്നെ ബ്രിട്ടീഷുകാരില്‍നിന്നു മോചനം നേടുക എന്ന ആശയം ഗാന്ധിജി മുന്നോട്ടുവച്ചു. ഇന്ത്യയിലെ പല വിപ്ലവനേതാക്കളും ഗാന്ധിജിയുടെ ഈ നിലപാടിനെ അംഗീകരിച്ചില്ലെങ്കിലും തന്റെ കീഴില്‍ പതിനായിരങ്ങളെ അണിനിരത്താന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. ദണ്ഡി മാര്‍ച്ചും ഉപ്പു സത്യഗ്രഹവും ഗാന്ധിജിയുടെ ജീവിതത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലും വഴിത്തിരിവുണ്ടാക്കി.
ഉപ്പിനു മീതെ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതിക്കെതിരേയുള്ള ഒരു പ്രതിഷേധമായാണ് ഗാന്ധിജി ഉപ്പു സത്യഗ്രഹത്തിന് തുടക്കം കുറിക്കുന്നത്. സബര്‍മതി ആശ്രമത്തില്‍നിന്നു തന്റെ അനുയായികള്‍ക്കൊപ്പം പുറപ്പെട്ട ഈ പ്രതിഷേധ മാര്‍ച്ചില്‍ വഴിയില്‍വച്ച് ധാരാളം പേര്‍ ചേര്‍ന്നു. യാത്ര 26 ദിവസങ്ങള്‍ക്കു ശേഷമാണ് ദണ്ഡിയിലെത്തുന്നത്. ഒരു ചെറിയ തീരദേശ ഗ്രാമമായിരുന്നു ദണ്ഡി അക്കാലത്ത്. 1930 ഏപ്രില്‍ അഞ്ചിന് ഗാന്ധിജി ദണ്ഡി കടപ്പുറത്തുനിന്നു ഉപ്പ് കുറുക്കി പ്രതിഷേധിച്ചു. ഗാന്ധിജി അടക്കം 60,000 പേരെയാണ് പട്ടാളം അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഈ സംഭവം വലിയ ഇടം നേടി. എങ്കിലും ഉപ്പിനു മീതെയുള്ള നികുതി എടുത്തുകളയാന്‍ 1946 വരെ നമുക്ക് കാത്തിരിക്കേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."