ലാസ് വേഗസിലെ നായാട്ടുകാരന്‍ ആഢംബരത്തെ പ്രണയിച്ച ചൂതാട്ടക്കാരന്‍
ലാസ് വേഗസ്: ലോകത്തെ തന്നെ നടുക്കിയ നരനായാട്ട് നടത്തുന്നതിനു മുന്‍പ് സമാധാന പൂര്‍ണമായ ജീവിതം നയിക്കുകയായിരുന്നു അയാള്‍. 50 പേരുടെ ജീവനെടുത്ത വേട്ടക്കാരന്‍ സ്റ്റീഫന്‍ പാഡക് എന്ന 64കാരന്‍. ലാസ് വേഗസില്‍ നിന്ന് വെറും ഒന്നരമണിക്കൂര്‍ അകലെ മെസ് ക്വിറ്റിലെ 3.69 ലക്ഷം ഡോളര്‍ വിലമതിക്കുന്ന വീട്ടില്‍ 62 വയസ്സുള്ള കൂട്ടുകാരി മാരിലൂ ഡാന്‍ലിയുമൊത്തുള്ള സുഖജീവിതം.
ജോലിയില്‍ നിന്ന വിരമിച്ച ശേഷമുള്ള ഈ വിശ്രമ ജീവിതത്തില്‍ ചൂതാട്ടമൊഴികെ മറ്റൊന്നിലും ഇയാള്‍ക്ക് പ്രത്യേക കമ്പമുള്ളതായി അറിവില്ല ബന്ധുക്കള്‍ക്കൊന്നും. വേട്ടയ്ക്കും മീന്‍പിടിത്തത്തിനുമുള്ള ലൈസന്‍സ് ഇയാള്‍ക്കുണ്ടായിരുന്നു. കൂടാതെ പൈലറ്റ് ലൈസന്‍സും. നെവാദ സംസ്ഥാനത്തെ ക്രിമനല്‍ രേഖകളിലൊന്നും പാഡക്കിന്റെ പേരില്ല. എന്നാല്‍ ആഢംബര പ്രേമിയായിരുന്നു അയാള്‍.
വിമാനനിര്‍മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ ആഭ്യന്തര ഓഡിറ്ററായി കുറച്ചുകാലം പ്രവര്‍ത്തിച്ചെന്ന് പറയുന്നു. ടെക്‌സസിലെ മെസ്‌ക്വിറ്റില്‍ ഒരു കെട്ടിടസമുച്ചയത്തിന്റെ മാനേജരായുമിരുന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൊന്നും ഇയാളുണ്ടായിരുന്നില്ല.
നെവാദയിലെ ഈ ആഡംബരവസതി കൂടാതെ പാഡക്കിന് രണ്ട് വിമാനങ്ങളും സ്വന്തമായുണ്ടായിരുന്നു. സ്വകാര്യ പൈലറ്റായി 2003ല്‍ എഫ്.എഫ്.എ. ഇയാളെ അംഗീകരിച്ചെന്നാണ് രേഖകള്‍ പറയുന്നത്. ഇയാള്‍ക്ക് നാട്ടിലെയോ വിദേശത്തെയോ ഭീകരസംഘടനകളുമായി ബന്ധമുള്ളതായി വിവരമില്ല.
പാഡക് തോക്കിനോട് അത്ര ആസക്തിയുള്ള മനുഷ്യനായിരുന്നില്ലെന്നാണ് സഹോദരന്‍ എറിക് സി.ബി.എസ്.എന്‍. ചാനലിനോട് പറഞ്ഞത്. പാഡക്കിന്റെ ജീവിതം തുറന്ന പുസ്തകമായിരുന്നെന്നും എല്ലാം പൊതുരേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രത്യേക മതത്തോടോ രാഷ്ട്രീയ പാര്‍ട്ടിയോടോ പാഡക്കിന് ആഭിമുഖ്യമുണ്ടായിരുന്നില്ലെന്നും എറിക് പറഞ്ഞു. അമ്മായിയമ്മയ്ക്ക് പലഹാരങ്ങളുണ്ടാക്കി നല്‍കുന്ന നല്ല സ്ത്രീയായിരുന്നു മാരിലൂ എന്നാണ് എറിക്കിന്റെ വാക്കുകള്‍. പാഡക്ക് ഒരു സാധാരണമനുഷ്യനായിരുന്നതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."