ചാലക്കുടി രാജീവ് വധക്കേസ്: മുന്‍കൂര്‍ജാമ്യം തേടി അഡ്വ. സി.പി. ഉദയഭാനു
തിരുവനന്തപുരം: രാജീവ് വധക്കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. അഡ്വ. ബി.രാമന്‍പിള്ള മുഖേനയാണ് ജാമ്യാപേക്ഷ നല്‍കുന്നത്.
അതേസമയം കേസില്‍ അഡ്വ. സി.പി.ഉദയഭാനുവിന് കുരുക്കായി കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു നിര്‍ണായക തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
സംഭവത്തില്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിന്റെ പങ്ക് വ്യക്തമാക്കി പ്രതികള്‍ മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞിരുന്നു.
കേസില്‍ മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയെന്ന ചക്കര ജോണിയും സഹായി അങ്കമാലി വാപ്പാലശ്ശേരി പൈനാടത്ത് വീട്ടില്‍ രഞ്ജിത്തും ഞായറാഴ്ച അറസ്റ്റിലായിരുന്നു.
പാലക്കാട് മംഗലം ഡാമിനടത്തുള്ള റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് ജോണിയെയും രഞ്ജിത്തിനെയും കസ്റ്റഡിയിലെടുത്തത്.
ഉദയഭാനു പറഞ്ഞതനുസരിച്ചാണ് രാജീവിനെ തട്ടിക്കൊണ്ട് പോയതെന്നാണ് ജോണിയും രഞ്ജിത്തും മറ്റൊരു പ്രതി ഷൈജുവും മൊഴി നല്‍കിയത്.
ജോണിയുടെയും ഷൈജുവിന്റെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതോടെ സി.പി ഉദയഭാനുവിനെതിരേ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.
കോയമ്പത്തൂര്‍ വിമാനത്താവളം വഴി രക്ഷപ്പെടാനായിരുന്നു ജോണിയുടെ ശ്രമം. ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതോടെ ശ്രമം പാളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."