സി.എച്ച് മതേതരത്വത്തിന്റെ മാതൃകാ പുരുഷന്‍: എം.ഐ ഷാനവാസ് എം.പി
ദോഹ: കേരളത്തിലെ മതേതരത്വത്തിന്റെ മാതൃകാ പുരുഷനായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു. കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതിസാഹിബിന്റെ ധൈഷണിക പിന്തുണയും ബാഫഖി തങ്ങളുടെ പരിലാളനയും ഏറ്റുവളര്‍ന്ന സി.എച്ച് കേരളത്തിനു ലഭിച്ച അതുല്യനായ നേതാവും ഭരണാധികാരിയുമായിരുന്നു.കേരളത്തിന്റെ മതേതരത്വത്തിന് ഊടും പാവും നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതേതര ഇന്ത്യയുടെ പാരമ്പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നതിലൂടെ മാത്രമേ സാധിക്കൂ.അടിയന്തരാവസ്ഥ കാലത്തിനു സമാനമായ രീതിയില്‍ ഇന്ത്യന്‍ ജനതയുടെ ഉള്ളില്‍ ഒരു നിശ്ശബ്ദ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കാണാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഹിംഗ്യാ അഭയാര്‍ഥികളെ നിര്‍ദാക്ഷിണ്യം നാട് കടത്താനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാരിനെതിരേ ഇന്ത്യയിലെ പരമോന്നത കോടതിക്ക് മുമ്പില്‍ രാജ്യത്തെ ഏറ്റവും പ്രമുഖരായ അഭിഭാഷകര്‍ തന്നെ എഴുന്നേറ്റുനിന്ന് എന്നത് മാനവികതക്കും മതേതരത്വത്തിനും ഇന്ത്യയില്‍ ശക്തമായ പിന്തുണയുണ്ട് എന്നതിന്റെ തെളിവാണ്. തങ്ങളാണ് മതേതരത്വ സംരക്ഷകര്‍ എന്നവകാശപ്പെട്ടു കൊണ്ടിരിക്കുന്ന സി.പി.എം ഇന്ത്യയെ കുറിച്ച് യാഥാര്‍ത്യബോധത്തിലൂന്നിയ സമീപനം സ്വീകരിക്കുന്നതിനു പകരം കോണ്‍ഗ്രസ് വിരോധം മൂലം സംഘപരിവാറിനു ഒത്താശ ചെയ്യുകയാണ്.
ഹാദിയ കേസ് പോലുള്ള സംഭവങ്ങളില്‍ പിണറായി സര്‍ക്കാര്‍ സംഘപരിവാറിനു വളമിട്ടു കൊടുക്കുന്ന സമീപനം സ്വീകരിക്കുക വഴി കേരളത്തിന്റെ മതേതര സമൂഹത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷമീം മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എം.എ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതം പറഞ്ഞു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ.വി.എ ബക്കര്‍ ഉപഹാരം സമര്‍പ്പിച്ചു. കുന്ദമംഗലം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എ.ടി ബഷീര്‍, അലി പള്ളിയത്ത് ,സലിം നാലകത്ത്, എ.പി അബ്ദുറഹ്മാന്‍, ജാഫര്‍ തയ്യില്‍, ഫൈസല്‍ അരോമ, സദഖത്തുള്ള കോട്ടക്കല്‍,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.വി മുഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ സി.പി ഷാനവാസ് നന്ദി പറഞ്ഞു. മമ്മു കെട്ടുങ്ങല്‍, ബഷീര്‍ കെ.കെ മുനീര്‍, ഒ.കെ മമ്മു ശമ്മാസ് പരിപാടി നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."