സല്മാന് രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനം വ്യാഴാഴ്ച്ച തുടങ്ങും
റിയാദ്: സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് വ്യാഴാഴ്ച്ച തുടക്കമാകും. 87 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു സഊദി രാജാവ് റഷ്യ സന്ദര്‍ശിക്കുന്നത്. ചരിത്രത്തില്‍ നാഴികല്ലാകുന്ന റഷ്യന്‍ സന്ദര്‍ശനത്തില്‍ വിവിധ മേഖലകളില്‍ ആയിരം കോടി ഡോളറിന്റെ കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുമെന്നാണറിയുന്നത്.
വ്യാഴാഴ്ച്ച റഷ്യയിലെത്തുന്ന സല്മാന് രാജാവ് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തില്‍ വിവിധ മേഖലകളില്‍ സമാധാന പുനഃസ്ഥാപനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കും. സിറിയന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭയുടെ കരാറനുസരിച്ച് പ്രശ്നപരിഹാരത്തിന് രാജാവ് പ്രത്യേകശ്രമം നടത്തുമെന്നാണറിയുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനു പുറത്തുള്ള പ്രധാന ഉല്‍പ്പാദക രാജ്യമാണ് റഷ്യ.
ഒപെക്കിന്റെ സമ്മേളനം അടുത്ത മാസം ചേരാനിരിക്കെ ഒപെക്കിലെ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യമായ സഊദിയുടെ നേതാവ് നടത്തുന്ന സന്ദര്‍ശനത്തില്‍ എണ്ണ ഉല്‍പ്പാദനത്തെ കുറിച്ചും വഴിത്തിരിവാകുന്ന ചര്‍ച്ചകള്‍ നടക്കുമെന്നാണറിയുന്നത്. ചരിത്ര സന്ദര്‍ശനത്തോടനുബന്ധിച്ചു റഷ്യന്‍ തെരുവുകളില്‍ സല്മാന് രാജാവിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചതായി അറബ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാണിജ്യം, സുരക്ഷ , പ്രതിരോധ, മേഖലകളിലായിരിക്കും ആയിരം കോടി ഡോളറിന്റെ കരാറുകളില്‍ ഒപ്പു വെക്കുക. സഊദിയിലെ വിവിധ വകുപ്പ് മന്ത്രിമാര്‍, ഭരണ തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാജകുടുംബത്തിലെ ഉന്നതര്‍ തുടങ്ങി വലിയൊരു സംഘം തന്നെ രാജാവിനെ അനുഗമിക്കുന്നുണ്ട്. സഊദി ഭരണാധികാരിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സല്മാന് രജാവും മുന്‍ ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവും കിരീടാവകാശിയായിരിക്കെ റഷ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും സഊദി രാജാവ് ആദ്യമായാണ് റഷ്യ സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."