തോട്ടിപ്പണി നിര്‍ത്താന്‍ ഇനിയും കാത്തിരിപ്പോ?
തോട്ടി, തോട്ടിയുടെ മകന്‍ എന്നിങ്ങനെയുള്ള പേരുകളില്‍ നോവലുകളുണ്ടായ കാലം ഓര്‍ക്കുന്നു. അന്നൊന്നും ഇവിടെയെങ്ങും പ്രതിഷേധ ശബ്ദങ്ങളോ, കോലാഹലങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ അഭിഭാഷകയായ ഒരു യുവതി കക്കൂസ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു, അവര്‍ക്കെതിരേ കേസും കൂട്ടവുമായി. ദിവ്യഭാരതി എന്ന ആ പെണ്‍കുട്ടി അറസ്റ്റിലുമായി. കാരണമായി പറഞ്ഞത്, അവര്‍ മലിനീകരണ നിര്‍മാര്‍ജ്ജനമെന്ന കുലത്തൊഴിലെടുക്കുന്ന ദലിതരെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു. അവരാകട്ടെ ദലിതരുടെ പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവളും.
എന്നാല്‍ തോട്ടിപ്പണി 2013 ല്‍ ദേശവ്യാപകമായി നിരോധിച്ചിട്ടും ഇന്നും പതിനായിരങ്ങള്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ കൈ കൊണ്ട് നീക്കുന്ന പണിയെടുക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടിരിക്കുന്നു എന്ന സത്യം പുറത്ത് വരുന്നതിനാലായിരുന്നു അരിശം. കണ്ടാലും കേട്ടാലും അറപ്പ് തോന്നുന്ന വിധം മലം തലയിലേറ്റി കൊണ്ടുപോകുന്ന രീതിക്ക് ഇന്ത്യയില്‍ നിരോധനം പ്രഖ്യാപിച്ചിട്ട് നാലു വര്‍ഷങ്ങളാകുന്നു. എന്നാല്‍ ഇനിയും നാട്ടില്‍ എടുപ്പ് കക്കൂസുകള്‍ക്ക് മാറ്റം വന്നിട്ടില്ല.
മനുഷ്യ വിസര്‍ജ്യം എടുത്തുമാറ്റാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് ദലിതരുടെ ഹതവിധി ഓര്‍ത്ത് അതിനെതിരേ പൊട്ടിത്തെറിച്ചവരൊക്കൊ മരിച്ചു മണ്ണടിഞ്ഞു. അതാദ്യം പറഞ്ഞ രാഷ്ട്രപിതാവ് മരണപ്പെട്ടിട്ട് എണ്‍പതാണ്ടാവുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന മനോഹര നാമധേയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം പിറന്ന അദ്ദേഹം 67-ാം വയസ്സില്‍ പറയുന്നത് ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കാനാണ്. സമ്പൂര്‍ണമായും തോട്ടിപ്പണി നിര്‍ത്താന്‍ മഹാത്മജിയുടെ 150-ാം ജന്മദിനം പിറക്കട്ടെ എന്ന്. സ്വച്ഛ് ഭാരതിനെ കുറിച്ച് ആവര്‍ത്തിച്ച് പറയുന്ന പ്രധാനമന്ത്രിയുടെ ആത്മാര്‍ഥതയാല്‍ നാം ശങ്കിക്കേണ്ടതില്ലായിരിക്കാം.
സ്വാതന്ത്ര ദിനം സംബന്ധിച്ചായാലും മന്‍കീ ബാത്ത് എന്ന പ്രക്ഷേപണ പരിപാടിയിലായാലും ആരാധാനാലയങ്ങള്‍ നിര്‍മിക്കുന്നതിന് മുമ്പ് ശൗചാലയങ്ങള്‍ നിര്‍മിക്കുക എന്നദ്ദേഹം ആഹ്വാനം ചെയ്യുന്നതിലും നാം നന്മകള്‍ കാണുന്നു. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ ഇതിനകം പരസ്യ വിസര്‍ജനം നിരോധിച്ചെന്നും അടുത്ത മാര്‍ച്ച് മാസത്തോടെ പത്ത് സംസ്ഥാനങ്ങള്‍ കൂടി ഈ വഴിക്ക് വരുമെന്നും കേന്ദ്ര സാനിറ്റേഷന്‍ വകുപ്പ് സെക്രട്ടറി പരമേശ്വര അയ്യരും പറയുന്നു.
മാതാ അമൃതാനന്ദമയി നല്‍കിയ 100 കോടി രൂപയടക്കം 660 കോടി രൂപ സാനിറ്റേഷന്‍ പദ്ധതികള്‍ക്കായി ഇതിനകം ചെലവഴിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറയുന്നുണ്ട്. ഇവര്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ച സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനത്തോടെ തുറസ്സായ സ്ഥലങ്ങളില്‍ കാര്യം നടത്തുന്നവരുടെ എണ്ണം 30 കോടി ആയി ചുരുങ്ങുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. ഈ പ്രക്രിയയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന ഒരു കുടുംബത്തിന് ഒരു വര്‍ഷം മെഡിക്കല്‍ ചെലവില്‍ അരലക്ഷത്തോളം രൂപ ലാഭിക്കാമെന്നും ധനമന്ത്രി കൂട്ടിചേര്‍ക്കുന്നുണ്ട്.
എങ്കിലും ഈ നീച പ്രവര്‍ത്തി നിര്‍ത്താന്‍ അത്രയും മാസങ്ങള്‍കാത്തിരിക്കണമോ. നിര്‍മല്‍ ഭാരത് അഭിയാന്‍ എന്ന പേരില്‍ മന്‍മോഹന്‍ സിങ് ഗവണ്‍മെന്റ് മുമ്പ് ആരംഭിച്ച പദ്ധതിക്ക് വേണ്ടിയാണ് ഈ കാത്തിരിപ്പ്. 135 കോടി ജനങ്ങളില്‍ ഒരു ശുചീകരണ ബോധം ഉണ്ടാക്കാന്‍ ഈ വലിയ കാലതാമസം വേണമോ. വീട്ടിലെ മാലിന്യങ്ങള്‍ പോലും തുറസ്സായ സ്ഥലങ്ങളില്‍ വലിച്ചെറിയാന്‍ മടിയില്ലാത്തവരാണ് നാം. ശൗചാലയങ്ങള്‍ ഇല്ലാത്തിടത്ത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ പൊതു സ്ഥലങ്ങള്‍ അവര്‍ മലമൂത്ര വിസര്‍ജനത്തിന് ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കക്കൂസുകള്‍ കൊണ്ടു നടക്കുന്നതാകട്ടെ നമ്മുടെ തീവണ്ടികളാണ്.
മുംബൈക്കും താനെക്കുമിടയില്‍ 34 കിലോ മീറ്റര്‍ റെയില്‍ പാത ഉണ്ടാക്കി 1853ല്‍ ട്രെയിന്‍ സര്‍വിസ് ആരംഭിച്ച നാട്ടില്‍ ഇന്ന് റെയില്‍ പാതയുടെ മൊത്തം നീളം 63,327 കിലോ മീറ്ററാണ്. പതിനേഴു സോണുകളിലായി ഇങ്ങനെ തലങ്ങും വിലങ്ങും പായുന്ന വണ്ടികളാണ് ദിവസം പ്രതി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിനാളുകള്‍ മലമൂത്ര വിസര്‍ജനത്തിന് ഉപയോഗപ്പെടുത്തുന്നത്. ശൗചാലയങ്ങളില്ലാത്ത തല ചായ്ക്കാന്‍ കൂര പോലുമില്ലാത്ത കോടിക്കണക്കിനാളുകള്‍ ഇരുളിന്റെ മറവില്‍ രാവിലെയും രാത്രിയും കാര്യ നിര്‍വഹിക്കുന്നത് ഈ റെയില്‍ പാളങ്ങളിലും അവക്ക് സമീപത്തുമാണ്.
ഇവിടെയാണ് നമ്മുടെ സദാചാര ബോധം ഉണര്‍ത്തേണ്ടത്. എന്തിന് വീട്ട് മൃഗങ്ങളെ പോറ്റുന്ന ജനസഹസ്രങ്ങളും തങ്ങളുടെ ആലകള്‍ വൃത്തിയായി കിടക്കാന്‍ ഉദ്ദേശിച്ച് കാലികളെ റോഡുകളിലും പൊതു സ്ഥലങ്ങളിലും ഇറക്കിവിടുന്നു. ഗോവധ നിരോധനം വ്യാപകമാകുന്നതോടെ ഈ മൃഗങ്ങളുടെ എണ്ണം ഭീകരമായിരിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല.
എയര്‍ കണ്ടീഷന്‍ മുറികളില്‍ വിലപിടിപ്പുള്ള നായകളെ പോറ്റുന്നവര്‍ പോലും പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും പോകുന്ന മട്ടില്‍ അവയ്ക്ക് പൊതു വീഥികളില്‍ തന്നെ മലമൂത്ര വിസര്‍ജനത്തിന് വഴിയൊരുക്കി കൊടുക്കുന്നു. കേരളമടക്കംഏതാനും സംസ്ഥാനങ്ങള്‍ പൊതു സ്ഥലത്തെ വിസര്‍ജനം നിരോധിച്ചതായി ചടങ്ങുകള്‍ സംഘടിപ്പിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവബോധമുണ്ടായോ.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നിടത്ത് ശൗചാലയങ്ങള്‍ പോയിട്ട് കുളിമുറികള്‍ തന്നെ ഇല്ല. വാണിജ്യ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടും അവ ഇല്ലാതെ കഷ്ടപ്പെടുന്ന എത്ര എത്ര സഹോദരിമാരാണ് നാട്ടിലുള്ളത്.
പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച ശൗചാലയങ്ങള്‍ തന്നെ വൃത്തിക്കേടാക്കുന്നതില്‍ ശ്രദ്ധ പതിവാക്കുന്നവരാണ് നാം. പ്രമുഖ പ്രവാസി വ്യവസായി ആയ പാലക്കാട്ടുകാരന്‍ ഡോ. സിദ്ധീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സഊദി അറേബ്യയിലെ ഇറാം ഗ്രൂപ്പ് ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത് കോഴിക്കോട് നഗരത്തില്‍ പണിത ടോയ്‌ലറ്റുകള്‍ പിടിപ്പുകേടു കൊണ്ട് നോക്കുകുത്തികളായി മാറുകയല്ലേ ചെയ്തത്. എല്ലാ മാലിന്യങ്ങളും ഓടയില്‍ തന്നെ ഇടുക എന്ന സംസ്‌കാരം നമ്മുടെ ഫഌറ്റുകളും അപ്പാര്‍ട്ടുമെന്റുകളും ഏറ്റെടുത്തിരിക്കുന്ന കാലഘട്ടത്തില്‍ ഒരു ശുചിത്വ മിഷന്‍ പരിപാടി എത്രത്തോളം വിജയകരമാക്കാന്‍ സാധിക്കും.
പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ ശിക്ഷ വേണം, ശിക്ഷണവും വേണം. മധ്യപ്രദേശിലെ രംഭാവേദി എന്ന പഞ്ചായത്ത് ശൗചാലയങ്ങള്‍ പണിയാന്‍ സാമ്പത്തിക സഹായം നല്‍കുകയും പരസ്യ വിസര്‍ജനം നിരോധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പത്ത് അംഗങ്ങളുള്ള ഒരു കുടുംബം വഴങ്ങാതിരുന്നപ്പോള്‍ ദിവസങ്ങള്‍ കണക്കുകൂട്ടി പിഴയിട്ടതായി ഈയിടെ വാര്‍ത്ത വരികയുണ്ടായി. അതേ സമയം വനിതാ കമ്മിഷന്‍ അധ്യക്ഷക്ക് വിസര്‍ജ്യം കവറിലാക്കി തപാലില്‍ അയച്ച കക്ഷിക്കെതിരേ കേരളം എന്ത് നടപടി സ്വീകരിച്ചുവെന്നറിയില്ല. ജയ്പൂര്‍ സന്ദര്‍ശനത്തിന് പൊലിസ് അകമ്പടിയോടെ കേന്ദ്ര മന്ത്രി രാധാമോഹന്‍ സിങ് വഴിവക്കിലിരുന്ന് ശങ്ക തീര്‍ത്തുവെന്ന വാര്‍ത്ത വന്നിട്ട് മാസങ്ങളായുള്ളു.
ബോധവല്‍ക്കരണം കൊണ്ട് മാത്രം ലക്ഷ്യം നേടാമെന്ന് അധികൃതര്‍ കരുതിക്കളയരുത്. എടുപ്പു കക്കൂസുകളുടെ നിര്‍മാര്‍ജ്ജനം മാത്രമല്ല പ്രശ്‌നം. അവ വൃത്തിയാക്കാന്‍ നിയോഗിക്കപ്പെട്ട ഹതഭാഗ്യരുടെ പുനരധിവാസവും പരമപ്രധാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."