'ഡെസ്പാസിതോ' ആസ്വദിച്ച് മലയാളത്തെ തൊട്ടറിഞ്ഞ് കാനറികള്‍
കൊച്ചി: 'ഡെസ്പാസിതോ' ഗാനം ആസ്വദിച്ച് കാനറികള്‍ കൊച്ചിയിലേക്ക് പറന്നിറങ്ങിയത് മലയാളിയുടെ ആതിഥ്യവും സ്വീകരിച്ച്. മുംബൈ വിമാനത്താവളം മുതല്‍ നെടുമ്പാശ്ശേരി വരെ ബ്രസീലിയന്‍ പടയുടെ വഴികാട്ടിയായത് കൊച്ചിയിലെ വെന്യു മീഡിയ മാനേജറും പ്രമുഖ ഫുട്‌ബോള്‍ കമന്റേറ്ററുമായ ഡി.ഷൈജുമോന്‍. വൈഫൈ സംവിധാനം തേടി മുംബൈ വിമാനത്താവളത്തില്‍ താരങ്ങള്‍ പരക്കം പായുമ്പോഴായിരുന്നു ഷൈജുമോന്റെ വരവ്. ടീമുകളെ പരിചയപ്പെടുന്നതിനിടെ ഷൈജുവിന്റെ രണ്ടു മൊബൈല്‍ ഫോണും കൗമാര പട കൈക്കലാക്കി.
കൊല്‍ക്കത്തയില്‍ നടന്ന ഫിഫയുടെ യോഗത്തില്‍ പങ്കെടുത്ത് കൊച്ചിയിലേക്കുള്ള മടക്ക യാത്രക്കിടെയാണ് ഷൈജുമോന്‍ മുംബൈയില്‍ എത്തിയത്. ഒരേ വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. പ്രശസ്തമായ സ്പാനിഷ് ഗാനം 'ഡെസ്പാസിതോ' ആസ്വദിച്ചായിരുന്നു ബ്രസീല്‍ താരങ്ങളുടെ യാത്ര. ഇതിനിടെയും വിമാനയാത്രയില്‍ കേരളത്തെ കുറിച്ച് അറിയാനായിരുന്നു താരങ്ങളുടെ ശ്രമം. ബ്രസീലിന്റെ മീഡിയ ഓഫിസര്‍ ഗിഗറി വഴിയായിരുന്നു പോര്‍ച്ചുഗീസ് ഭാഷ മാത്രം അറിയുന്ന കാനറി കൗമാരത്തിന്റെ ആശയ വിനിമയം. കാല്‍പന്തുകളിയുടെ മുത്തശ്ശന്‍മാരായ പെലെയെയും ഗരിഞ്ചോയെയും നെഞ്ചേറ്റുന്ന റോബേര്‍ട്ടോ കാര്‍ലോസിനെയും റൊണാള്‍ഡോയെയും റൊണാള്‍ഡീഞ്ഞോയെയും നെയ്മറയെയും ആരാധിക്കുന്ന ഫാന്‍സുകളെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ മഞ്ഞപ്പടക്ക് അത്ഭുതം.
കേരളത്തെ തൊട്ടറിഞ്ഞതിന്റെ ആഹ്ലാദവും ആവേശവുമായിട്ടാണ് കാനറികളില്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയത്. ഉച്ചയ്ക്ക് 1.10 ഓടെയാണ് ബ്രസീല്‍ സംഘം ലാന്റ് ചെയ്തത്. മുംബൈയില്‍ ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്റെയും ന്യൂസിലന്‍ഡുമായുള്ള സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടി വിജയത്തിന്റെ ആവേശം നിറഞ്ഞു നിന്നു. നീല ടീ ഷര്‍ട്ടും കറുപ്പില്‍ പച്ച വരകളുള്ള ഷോര്‍ട്‌സും അണിഞ്ഞായിരുന്നു മഞ്ഞപ്പടയുടെ വരവ്. ചുവന്ന റോസാപ്പുഷ്പം നല്‍കിയായിരുന്നു വരവേല്‍പ്പ്. ആഭ്യന്തര ടെര്‍മിനിലിലൂടെ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ച് കൈവീശിയാണ് പുറത്തേക്ക് വന്നത്. പ്രത്യേകം തയാറാക്കിയ ബസില്‍ കനത്ത പൊലിസ് സുരക്ഷയില്‍ കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക്. വൈകിട്ട് 5.30 ഓടെ ബ്രസീല്‍ മഹാരാജാസ് ഗ്രൗണ്ടില്‍ പരിശീലനത്തിനായി എത്തി.
കൗമാര ലോകകപ്പില്‍ മൂന്ന് തവണ കിരീടം ചൂടിയ കാനറികള്‍ കരുത്തോടെയാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്. 20 അംഗ സംഘത്തില്‍ കൗമാര ഫുട്‌ബോളിലെ അത്ഭുത ബാലന്‍ വിനീഷ്യസ് ജൂനിയറിന്റെ അഭാവം നിഴലിച്ചിരുന്നു. വിനീഷ്യസിന്റെ അഭാവത്തില്‍ മധ്യനിരയിലെ കരുത്തന്‍ അലന്‍ ഹിമാറസ് ആണ് കാനറികളുടെ കുന്തമുന. ലാറ്റിനമേരിക്കന്‍ പോരില്‍ ചിലിക്കെതിരേ ഹാട്രിക് നേടിയ താരമാണ് സോസ. പരമ്പരാഗത ശൈലി പിന്തുടരുന്ന പരിശീലകന്‍ കാര്‍ലോസ് അമാദ്യു മഹാരാജാസിന്റെ പുല്‍ത്തകിടിയില്‍ ടീമിന് കഠിന പരിശീലനം തന്നെ നല്‍കി. ഗോള്‍കീപ്പര്‍മാര്‍ മൂന്നു പേരും ഒരു ഭാഗത്ത് പരിശീലനത്തില്‍ മുഴുകിയപ്പോള്‍ ടീമിലെ മറ്റു താരങ്ങളെ പരസ്പരം പോരടിപ്പിച്ചു. രണ്ട് മണിക്കൂറോളം പരിശീലനം നല്‍കിയ ശേഷമാണ് കാര്‍ലോസ് അമാദ്യു കാനറികളെ കരയ്ക്കു കയറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."